
തൃക്കാക്കര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നൽകിയ പ്രതികരണങ്ങൾ പുറത്തുവിട്ടു. തൃക്കാക്കരയിലെ വോട്ടർ കൂടിയായ മമ്മൂട്ടിയോട് തനിക്ക് വോട്ട് നൽകണമെന്നും അനുഗ്രഹിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് അഖിൽ അയച്ച സന്ദേശത്തിന് ‘ബെസ്റ്റ് വിഷസ്’ എന്നാണ് താരം മറുപടി നൽകിയത്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും മമ്മൂട്ടിയെ അറിയിച്ച അഖിൽ, മറുപടിക്ക് നന്ദിയും രേഖപ്പെടുത്തി.
മോഹൻലാലിനും തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഉടൻ തന്നെ അഖിൽ മാരാർ സന്ദേശം അയച്ചിരുന്നു. ‘ജനവിധി തേടിയുള്ള മറ്റൊരു മത്സരം, ലാലേട്ടൻ അനുഗ്രഹിക്കണം’ എന്ന അഖിലിന്റെ വാക്കുകൾക്ക് ‘സ്നേഹവും പ്രാർത്ഥനകളും’ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്. ഈ രണ്ട് സൂപ്പർ താരങ്ങളുടെയും വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ‘മലയാളത്തിന്റെ മഹാനടന്മാരുടെ ആശംസകൾ, ഒരായിരം സ്നേഹം’ എന്ന് അഖിൽ മാരാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
Also Read: “എന്നെ വേട്ടയാടുന്നു, പാലക്കാട്ടെ വോട്ടർമാരെ അപമാനിക്കരുത്”; മറുപടിയുമായി ശോഭാ സുരേന്ദ്രൻ
എൻഡിഎ മുന്നണിയുടെ ഭാഗമായി ട്വന്റി 20 സ്ഥാനാർത്ഥിയായാണ് അഖിൽ മാരാർ തൃക്കാക്കരയിൽ ജനവിധി തേടുന്നത്. ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിവരം അദ്ദേഹം നേരത്തെ അറിയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി പുഷ്പ ദാസും അണിനിരക്കുന്ന തൃക്കാക്കരയിലെ ശക്തമായ ത്രികോണ മത്സരത്തിൽ അഖിൽ മാരാരുടെ സാന്നിധ്യം ശ്രദ്ധേയമായ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
The post “അനുഗ്രഹിക്കണം, എനിക്കൊരു വോട്ട് നൽകണം”; മമ്മൂട്ടിക്കും ലാലേട്ടനും അഖിൽ മാരാരുടെ മെസേജ് appeared first on Express Kerala.




