
പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെയുള്ള ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്ന പരാതിയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഏപ്രിൽ 8-ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാർക്ക് പണം നൽകിയെന്നാണ് സ്ഥാനാർഥിക്കെതിരെയുള്ള ആരോപണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, പരാതിയിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിൻ്റെ മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് വയോധിക മൊഴി നൽകിയിരിക്കുന്നത്. പ്രധാന സാക്ഷി പണം ലഭിച്ചത് നിഷേധിച്ചെങ്കിലും സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
Also Read: “എന്നെ വേട്ടയാടുന്നു, പാലക്കാട്ടെ വോട്ടർമാരെ അപമാനിക്കരുത്”; മറുപടിയുമായി ശോഭാ സുരേന്ദ്രൻ
സംഭവത്തിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. ഇതിനിടെ, വിഷയത്തിൽ കേസെടുക്കാൻ അനുമതി തേടി പാലക്കാട് കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. റിപ്പോർട്ടിൻ്റെ പകർപ്പ് തെരഞ്ഞെടുപ്പ് നിരീക്ഷകർക്കും പോലീസ് വിഭാഗത്തിനും കൈമാറിയിട്ടുണ്ട്.
The post ‘വോട്ടിന് നോട്ട്’ ആരോപണം! കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു; കേസെടുക്കാൻ ശുപാർശ appeared first on Express Kerala.




