ബംഗ്ലാദേശി പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ കളിപ്പിച്ചാൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്നും സ്റ്റേഡിയം കൈയേറുമെന്നും ഭീഷണി. ഉജ്ജയിനിലെ പ്രാദേശിക മതനേതാക്കളാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ മുസ്തഫിസുറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നീക്കം.
മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഭീഷണി
ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ബംഗ്ലാദേശി താരങ്ങളെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രം മുഖ്യപൂജാരി മഹാവീർ നാഥ് ഉൾപ്പെടെയുള്ളവർ ഐപിഎൽ സംഘാടകർക്കെതിരെ പരസ്യമായ ഭീഷണി മുഴക്കി കഴിഞ്ഞു. ബംഗ്ലാദേശിലെ സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതർ താരങ്ങളെ കളിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ രീതിയിൽ തടയുമെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: 33 പന്തിൽ സെഞ്ച്വറി! ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തുന്നു; പന്തിന് സ്ഥാനം നഷ്ടമായേക്കും
റെക്കോർഡ് തുകയ്ക്ക് കൊൽക്കത്തയിൽ
2026 ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഇത്തവണ ലേലത്തിൽ ടീമുകൾ വിളിച്ചെടുത്ത ഏക ബംഗ്ലാദേശ് താരം മുസ്തഫിസുറാണ്. ഐപിഎൽ ചരിത്രത്തിൽ ഒരു ബംഗ്ലാദേശി താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡും ഇതിലൂടെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനം
ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഇന്ത്യൻ വംശജനായ ഫാക്ടറി തൊഴിലാളി ദീപുചന്ദ്ര ദാസിനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നുകൾ ആരംഭിച്ചത്.
The post ബംഗ്ലാദേശിലെ ഹിന്ദു വേട്ടയ്ക്ക് ഐപിഎല്ലിൽ തിരിച്ചടി? 9 കോടിയുടെ താരത്തിന് ‘വിലക്ക്’ ഭീഷണി; കെകെആർ പ്രതിസന്ധിയിൽ appeared first on Express Kerala.



