ബെംഗളൂരു: യെലഹങ്കയിലെ കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ കർണാടക സർക്കാർ അടിയന്തര തിരുത്തൽ നടപടികളിലേക്ക് കടക്കുന്നു. വിഷയം ദേശീയതലത്തിൽ ചർച്ചയാവുകയും സി.പി.എം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിർണ്ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട മൂവായിരത്തോളം പേർക്ക് ആശ്വാസകരമായ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
ജെ.സി.ബി ഉപയോഗിച്ച് മുന്നൂറോളം വീടുകൾ തകർത്ത നടപടി വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതെളിച്ചത്. കർണാടകയിലുണ്ടായത് ‘ബുൾഡോസർ രാജ്’ ആണെന്ന സി.പി.എം വിമർശനം ദേശീയ ശ്രദ്ധ നേടിയതോടെ കോൺഗ്രസ് ദേശീയ നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തര യോഗം വിളിച്ചത്. വീട് നഷ്ടപ്പെട്ടവർക്കായി ഉടൻ തന്നെ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുന്ന കാര്യവും സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്. ഇതിനായുള്ള സർവേ നടപടികൾ തുടങ്ങാൻ ജില്ലാ ഭരണകൂടത്തോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: നെഹ്‌റുവിന്റെ കത്തുകൾ രാജ്യത്തിന്റേത്, സോണിയ ഗാന്ധി അവ തിരികെ നൽകണം; ആവശ്യവുമായി കേന്ദ്രമന്ത്രി
യു.പി മോഡൽ സംഘപരിവാർ അജണ്ടയാണ് കർണാടകയിൽ നടപ്പിലാക്കുന്നതെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിഷയത്തെ കൂടുതൽ ഗൗരവകരമാക്കിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം പ്രതിനിധി സംഘം മുസ്ലിം ഭൂരിപക്ഷ മേഖലയായ യെലഹങ്കയിൽ സന്ദർശനം നടത്തി. മുസ്ലിം ലീഗ് നേതൃത്വത്തിനിടയിലും വിഷയത്തിൽ ഭിന്നതയുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി കോൺഗ്രസിനെ ന്യായീകരിച്ചെങ്കിലും കർണാടക സർക്കാരിന്റെ വിശദീകരണത്തിൽ ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അതൃപ്തിയിലാണ്. ഈ സാഹചര്യത്തിൽ പുനരധിവാസ പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനാണ് സിദ്ധരാമയ്യ സർക്കാർ ശ്രമിക്കുന്നത്.
The post ‘ബുൾഡോസർ രാജ്’ ചർച്ചയാകുന്നു; സിദ്ധരാമയ്യ ഇന്ന് അടിയന്തര യോഗം വിളിച്ചു appeared first on Express Kerala.



