ഡൽഹി: ദേശീയ തലസ്ഥാനം വീണ്ടും അതിശൈത്യത്തിന്റെയും കടുത്ത മലിനീകരണത്തിന്റെയും പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ മുതൽ ദൃശ്യപരത കുറഞ്ഞതിനെത്തുടർന്ന് ഡൽഹിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘റെഡ് അലേർട്ട്’ പ്രഖ്യാപിച്ചു. കനത്ത മൂടൽമഞ്ഞും വിഷലിപ്തമായ പുകമഞ്ഞും കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
യാത്രക്കാർ ദുരിതത്തിൽ
ദൃശ്യപരത കുറഞ്ഞത് റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. നോയിഡ, എയിംസ് ഫ്ലൈഓവർ തുടങ്ങിയ മേഖലകളിൽ വാഹനങ്ങൾ ഹെഡ്‌ലൈറ്റുകൾ തെളിച്ചാണ് ഇഴഞ്ഞുനീങ്ങുന്നത്. രാജധാനി എക്സ്പ്രസ്, വന്ദേ ഭാരത് തുടങ്ങി നിരവധി പ്രധാന ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ചില ട്രെയിനുകൾ എട്ട് മണിക്കൂർ വരെ വൈകുന്നത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരത തീരെ കുറഞ്ഞതിനാൽ സർവീസുകളെ ബാധിച്ചു. അത്യാധുനിക ‘CAT III’ സംവിധാനമുള്ള വിമാനങ്ങൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.
Also Read: ഇൻഡിഗോയ്ക്ക് പൂട്ടുവീഴുന്നു! 10% സർവീസുകൾ വെട്ടിക്കുറച്ചു; സിഇഒയ്ക്കെതിരെയും നടപടിക്ക് സാധ്യത
വായുനിലവാരം ‘അതീവ ഗുരുതരം’
നഗരത്തിലെ വായു ഗുണനിലവാര സൂചിക (AQI) വീണ്ടും 400 കടന്ന് ‘ഗുരുതര’ വിഭാഗത്തിലെത്തി. വിവേക് വിഹാർ (460), ആനന്ദ് വിഹാർ (459) എന്നിവിടങ്ങളിലാണ് ഏറ്റവും മോശം വായു രേഖപ്പെടുത്തിയത്. നഗരത്തിലെ 25 കേന്ദ്രങ്ങളിലും മലിനീകരണ തോത് അപകടകരമായ നിലയിലാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.
The post വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി; തലസ്ഥാനത്ത് ‘റെഡ് അലേർട്ട്’, ട്രെയിനുകളും വിമാനങ്ങളും താളംതെറ്റി appeared first on Express Kerala.



