കൊച്ചി: നടന്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് ശാന്തകുമാരിയമ്മ അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ അമ്മയുടെ അന്ത്യനിമിഷത്തില്‍ ലാലും ഒപ്പമുണ്ടായിരുന്നു. മോഹന്‍ലാലെന്ന മഹാഭാഗ്യത്തെ മലയാളത്തിനു നല്‍കിയ അമ്മ ഇനി ഓര്‍മയാകുന്നു.
Also Read: റോഷൻ മാത്യുവും സെറിൻ ഷിഹാബും ഒന്നിച്ച പ്രണയകാവ്യം; ‘ഇത്തിരി നേരം’ നാളെ മുതൽ ഒടിടിയിൽ
തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും പിന്നിലെ തണൽ അമ്മയാണെന്ന് എപ്പോഴും പറയുമായിരുന്ന താരം, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഉൾപ്പെടെയുള്ള വലിയ നേട്ടങ്ങൾ ലഭിച്ചപ്പോൾ മോഹൻലാൽ അത് പങ്കുവെക്കാൻ ആദ്യം എത്തിയതും അമ്മയുടെ അരികിലേക്കായിരുന്നു.
ശാന്തകുമാരി അമ്മയുടെ നിര്യാണവാർത്തയറിഞ്ഞ് മമ്മൂട്ടി, ഫാസിൽ തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖർ കൊച്ചിയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നാളെ തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ, ഭർത്താവിനെയും മകനെയും സംസ്കരിച്ച സ്ഥലത്തിന് സമീപം ശാന്തകുമാരി അമ്മയ്ക്കും നിത്യനിദ്രയൊരുക്കും. മോഹൻലാലിന്റെ കുടുംബാംഗങ്ങളും സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.
The post മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം നാളെ; തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ appeared first on Express Kerala.



