കൊച്ചി: പുതുവത്സരം ആഘോഷിക്കാൻ കൊച്ചി സജ്ജമാകുന്നു. കൊച്ചിൻ കാർണിവലിന്റെ ഭാഗമായി വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിച്ച് മാത്രമേ ആഘോഷങ്ങളിൽ പങ്കെടുക്കാവൂവെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി. കെ. മിനിമോൾ അറിയിച്ചു. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടാണ് കൊച്ചിൻ കാർണിവലിന്റെ പ്രധാന വേദിയെന്ന് ജില്ലാകളക്ടർ ജി. പ്രിയങ്ക വ്യക്തമാക്കി. വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പുതുവത്സരാഘോഷ പരിപാടികൾ നടക്കും.
വിട്ടുവീഴ്ചകളില്ലാത്ത സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. 28 ഇൻസ്‌പെക്ടർമാർ, 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 1200 പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കും. ജനസുരക്ഷ കണക്കിലെടുത്ത് പരേഡ് ഗ്രൗണ്ടും വെളി ഗ്രൗണ്ടും ചുറ്റിപ്പറ്റിയ പ്രദേശങ്ങളിൽ പാർക്കിംഗ് നിരോധിക്കും. ബുധനാഴ്ച ഡിസംബർ 31 ഉച്ചക്ക് രണ്ടിന് ശേഷം ഈ മേഖലകളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. വാഹനങ്ങൾ നിർദിഷ്ട പാർക്കിംഗ് കേന്ദ്രങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ.
Also Read: മണിമലയിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ
വൈപ്പിനിൽ നിന്നുള്ള റോറോ ജങ്കാർ സർവീസ് വൈകിട്ട് നാല് വരെ വാഹനങ്ങൾക്കും ഏഴ് വരെ യാത്രക്കാർക്കും മാത്രമായിരിക്കും. അതിന് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് മടങ്ങുന്നവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. വൈപ്പിൻ–ഫോർട്ട് കൊച്ചി–നഗരമേഖലകളിലേക്ക് പ്രത്യേക ബസ് സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ബസുകൾ പുലർച്ചെ മൂന്ന് വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാല് വരെയും പ്രവർത്തിക്കും. കൊച്ചി ഫീഡർ ബസ് സേവനങ്ങളും ഉണ്ടാകും. കൂടാതെ ബയോ ടോയ്ലറ്റ് സംവിധാനങ്ങളും മെഡിക്കൽ സഹായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.
The post കൊച്ചിൻ കാർണിവൽ; നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും appeared first on Express Kerala.



