loader image
റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഡ്രൈവർക്ക് ക്രൂര മർദനം

റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഡ്രൈവർക്ക് ക്രൂര മർദനം

ഹരിപ്പാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിന്റെ മിറർ തട്ടി പരിക്കേറ്റ യുവാവിനെ സഹായിക്കാൻ ശ്രമിച്ച ഡ്രൈവറെ ഒരു സംഘം യുവാക്കൾ ആക്രമിച്ചതായി പരാതി. ആറാട്ടുപുഴ നല്ലാണിക്കൽ കുളങ്ങരശേരിൽ അനിൽകുമാറിന്റെ മകൻ അനു (29) ആണ് ആക്രമണത്തിനിരയായത്. ആറാട്ടുപുഴ ലക്ഷംവീട്ടിൽ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി എട്ടേ മുക്കാലോടെ എ.സി. പള്ളി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. തൃക്കുന്നപ്പുഴയിൽ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെ കാറിന്റെ മിറർ അമീറിനെ തട്ടിയതോടെ അമീർ നിലത്തുവീണു. കാർ റോഡരികിലേക്ക് മാറ്റി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവർ അനു തയ്യാറെടുക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന യുവാക്കളുടെ സംഘം എത്തി അനുവിനെ ആക്രമിച്ചത്. തലക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും, വാഹനം അക്രമികൾ തകർക്കുകയും ചെയ്തു. അക്രമത്തിൽ അനുവിന് ഗുരുതര പരിക്കേറ്റു. സംഭവം തടയാൻ ശ്രമിച്ച ചിലർക്കും മർദനമേറ്റതായി പറയുന്നു.

Also Read: കുഞ്ഞിനെ മറയാക്കി എംഡിഎംഎ കടത്ത്; കണ്ണൂരിൽ യുവദമ്പതികൾ പിടിയിൽ

See also  ‘സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ചിട്ടില്ല’; കൊല്ലത്ത് ജയമോഹൻ വിജയിക്കുമെന്ന് എം. മുകേഷ്

ഗുരുതരമായി പരിക്കേറ്റ അനുവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും അക്രമികൾ അനുവദിച്ചില്ലെന്നും, പിന്നീട് കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ അനുവിനെ ആദ്യം സമീപത്തെ ക്ലിനിക്കിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കണ്ണിനും മുഖത്തിനും പരിക്കേറ്റ അനു ചികിത്സയിലാണ്. രണ്ട് കണ്ണുകൾക്കും പരിക്കുണ്ടായതിനെ തുടർന്ന് വലതു കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ഡോക്ടർമാർ പറയുന്നന്ത്.

ഇതിനൊപ്പം പല്ലിന് പൊട്ടലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിനിടെ കാർ തെങ്ങിൽ ഇടിക്കാൻ ശ്രമം നടന്നതായും പരാതിയുണ്ട്. കാറിന് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അപകടത്തിൽ വീണ അമീറിന് കാൽ ഒടിഞ്ഞിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിരിച്ചറിയാവുന്ന 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
The post റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഡ്രൈവർക്ക് ക്രൂര മർദനം appeared first on Express Kerala.

Spread the love

New Report

Close