പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ക്യാമറയ്ക്കും ബാറ്ററിക്കും നൽകുന്ന പ്രാധാന്യം പലപ്പോഴും സോഫറ്റ് വെയർ സപ്പോർട്ടിന് നമ്മൾ നൽകാറില്ല. എന്നാൽ ഈ അശ്രദ്ധ വലിയൊരു സുരക്ഷാ ഭീഷണിയാണെന്ന് പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ് ഉപയോക്താക്കളിൽ 60 ശതമാനത്തിലധികം പേരും ഇപ്പോഴും ആൻഡ്രോയിഡ് 13, അതിന് മുൻപുള്ള പഴയ പതിപ്പുകളോ ആണ് ഉപയോഗിക്കുന്നത്. ഏകദേശം ഒരു ബില്യൺ (100 കോടി) ആളുകൾ ഗൂഗിളിൽ നിന്ന് പുതിയ സെക്യൂരിറ്റി പാച്ചുകളോ സുരക്ഷാ അപ്ഡേറ്റുകളോ ലഭിക്കാത്ത ഫോണുകളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ അപ്ഡേറ്റുകൾ ലഭിക്കാത്തത് ഈ ഫോണുകളെ ഹാക്കർമാരുടെ എളുപ്പത്തിലുള്ള ലക്ഷ്യമാക്കി മാറ്റുന്നു. ഇത് വ്യക്തിവിവരങ്ങൾ ചോരാനും സാമ്പത്തിക തട്ടിപ്പുകൾക്കും കാരണമായേക്കാം എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
2025 ഡിസംബറിൽ മാത്രം ആൻഡ്രോയിഡിലെ 107 സുരക്ഷാ വീഴ്ചകൾ പരിഹരിക്കാനുള്ള അപ്ഡേറ്റുകൾ ഗൂഗിൾ പുറത്തിറക്കിയിരുന്നു.ഇതിൽ 40 ശതമാനം വീഴ്ചകളും അങ്ങേയറ്റം അപകടകരമായവയായിരുന്നു. ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കാൻ സാധിക്കുന്ന തരത്തിലുള്ളവയായിരുന്നു ഇവ. പഴയ ആൻഡ്രോയിഡ് പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഇത്തരം നിർണ്ണായകമായ സുരക്ഷാ പാച്ചുകൾ ലഭിക്കില്ല. ഇത് ഉപയോക്താക്കളെ സൈബർ ആക്രമണങ്ങൾക്ക് മുന്നിൽ നിസ്സഹായരാക്കുന്നു.
Also Read: ആപ്പിള്‍ ഗാഡ്‌ജറ്റ് അപ്‌ഡേറ്റുകൾ; ഫോള്ഡബിള്‍ ഐഫോൺ അടക്കം വൻ നിര
നിങ്ങൾ ഒരു പുതിയ ആൻഡ്രോയ്ഡ് ഫോൺ വാങ്ങുന്നത് പരിഗണിക്കുകയാണെങ്കിൽ, ഫോണുകളുടെ ആകർഷകമായ ഫീച്ചറുകൾ മാത്രം നോക്കരുത്. കുറഞ്ഞത് മൂന്ന് മുതൽ നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കുറഞ്ഞത് രണ്ട് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുക. ബാങ്കിംഗ് മുതൽ വ്യക്തിഗത വിവരങ്ങൾ വരെ എല്ലാം സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ സുരക്ഷ ഒരു ആഡംബരമല്ല, മറിച്ച് ഒരു ആവശ്യകതയാണെന്ന കാര്യം മറക്കാതിരിക്കുക.
അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക
1 നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൻറെ സെറ്റിംഗ്‌സിലേക്ക് പോയി ഒഎസ് പതിപ്പ് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.
2 ഫോണിൻറെ പുതിയ ഒഎസ് പതിപ്പ് ലഭ്യമാണെങ്കിൽ, കാലതാമസം കൂടാതെ അത് അപ്‌ഡേറ്റ് ചെയ്യുക.
3 നിങ്ങളുടെ ഫോണിൽ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടൻ നീക്കം ചെയ്യുക.
The post ആൻഡ്രോയിഡ് ഫോണുകൾ അപകടത്തിൽ! നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? പരിശോധിക്കാം appeared first on Express Kerala.



