കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ’45’-ന്റെ മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ഫാന്റസി ആക്ഷൻ ത്രില്ലർ, ഡിസംബർ 25-ന് കന്നഡയിൽ റിലീസ് ചെയ്തപ്പോൾ മുതൽ വലിയ പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
Also Read: ‘ഗംഗ’യായി നയൻതാര; യാഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്
സൂപ്പർഹിറ്റായ ‘സു ഫ്രം സോ’ (She from South) എന്ന കന്നഡ ചിത്രത്തിന് ശേഷം വേഫറെർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്ന കന്നഡ ചിത്രമാണിത്. ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ’45’, അതിന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ടും സംഗീതം കൊണ്ടും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിലെ ‘ആഫ്രോ തപാംഗ്’ എന്ന ഗാനവും ട്രെയിലറും മലയാളികൾക്കിടയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രമേശ് റെഡ്ഡിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിലും ഏറെ സുപരിചിതരായ താരങ്ങളാണ് ചിത്രത്തിലെ പ്രധാന ആകർഷണം. ‘ജയിലറി’ലൂടെ തിളങ്ങിയ ശിവരാജ് കുമാറും, ‘ടർബോ’, ‘കൊണ്ടൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ രാജ് ബി. ഷെട്ടിയും, ‘കൂലി’യിലൂടെ ശ്രദ്ധേയനായ ഉപേന്ദ്രയും ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം നാളെ മുതൽ പ്രദർശനം ആരംഭിക്കും.
The post കന്നഡ താരരാജാക്കന്മാരുടെ പാൻ ഇന്ത്യൻ ചിത്രം ’45’; മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ; വിതരണം ദുൽഖർ സൽമാൻ appeared first on Express Kerala.



