കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാന്റ് അർധരാത്രിയോടെ ആളിപ്പടരുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണാതീതമായി പടർന്നതോടെ പ്രദേശമാകെ പരിഭ്രാന്തിയിലായി. അർധരാത്രിയിൽ തുടങ്ങിയ അഗ്നിതാണ്ഡവം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
അർധരാത്രിക്ക് ശേഷമാണ് ഫാക്ടറിയിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പുലർച്ചെ 3.30ഓടെയാണ് തീ അണയ്ക്കാൻ സാധിച്ചത്. എങ്കിലും രാവിലെ ആറ് മണിയോടെ മാത്രമാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് കഴിഞ്ഞത്.
Also Read: റോഡിലിട്ട് ചവിട്ടുന്നു, കഴുത്ത് പിടിച്ച് ഞെരിച്ചു! അന്നേരം നാട്ടുകാർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റി’; ജിഷിൻ മോഹൻ
ഫാക്ടറിയിലെ ഓഫീസ് ഉൾപ്പെടെയുള്ള മൂന്ന് നില കെട്ടിടം തീപിടുത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു. കൂടാതെ ഫാക്ടറിക്ക് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും അഗ്നിക്കിരയായിട്ടുണ്ട്. പ്ലന്റിലും ഓഫീസിലുമായി 75-ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും രാത്രിയിൽ സ്ഥാപനം പ്രവർത്തിക്കാതിരുന്നതും തൊഴിലാളികൾ പുറത്ത് താമസിച്ചിരുന്നതും വലിയ ജീവഹാനി ഒഴിവാക്കി.
തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ രാവിലെയും തുടരുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉള്ളതിനാൽ തീ വീണ്ടും പടരാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ട്.
Also Read: വൃത്തികെട്ടതെന്ന് കരുതി നിങ്ങൾ അവഗണിക്കുന്ന കാൽവിരലിലെ രോമം നിങ്ങളുടെ ഹൃദയത്തെക്കുറിച്ച് പറയുന്നത് ഞെട്ടിക്കുന്നത്!
എന്നാൽ പ്ലാന്റിന് എങ്ങനെയാണ് തീപിടിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികമായി കണക്കാക്കുന്നത്.
The post താമരശ്ശേരിയെ നടുക്കി അർധരാത്രിയിൽ വൻ തീപിടുത്തം! പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറി വെണ്ണീറായി appeared first on Express Kerala.



