loader image
ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയർ വി.വി. രാജേഷ്, ത്രികക്ഷി കരാർ ലംഘിച്ചെന്ന് കെഎസ്ആർടിസിക്കെതിരെ പരാതി

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയർ വി.വി. രാജേഷ്, ത്രികക്ഷി കരാർ ലംഘിച്ചെന്ന് കെഎസ്ആർടിസിക്കെതിരെ പരാതി

തിരുവനന്തപുരം: നഗരസഭയിലെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് മേയർ വി.വി. രാജേഷ്. സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം കോർപ്പറേഷൻ വാങ്ങിയ ബസുകൾ നഗരപരിധിക്ക് പുറത്ത് സർവീസ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ത്രികക്ഷി കരാർ ലംഘിച്ച കെഎസ്ആർടിസി അർഹമായ ലാഭവിഹിതം കോർപ്പറേഷന് നൽകണമെന്നും മേയർ ആവശ്യപ്പെട്ടു.

113 കോടി രൂപ ചെലവഴിച്ച് വാങ്ങിയ ബസുകൾ നഗരപരിധിക്കുള്ളിൽ ഓടിക്കണമെന്ന കരാർ കെഎസ്ആർടിസി ലംഘിച്ചു. നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സർവീസ് നടത്തുന്നത് അംഗീകരിക്കാനാവില്ല. കരാർ പ്രകാരം ബസ് സർവീസിൽ നിന്നുള്ള ലാഭവിഹിതം കോർപ്പറേഷന് ലഭിക്കണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സെക്രട്ടറിയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകും.

നഗരത്തിലെ ഇടറോഡുകളിലൂടെ ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന 113 ഇലക്ട്രിക് ബസുകൾ, ലാഭകരമല്ലെന്ന കാരണത്താൽ ഗതാഗതമന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി മറ്റ് ഡിപ്പോകളിലേക്ക് മാറ്റിയിരുന്നു. മറ്റ് ജില്ലകളിലേക്കും ദീർഘദൂര റൂട്ടുകളിലേക്കും മാറ്റിയ ബസുകൾ ഉടൻ നഗരത്തിലേക്ക് തിരിച്ചെത്തിക്കണമെന്നും ഇവ തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ തന്നെ സർവീസ് നടത്തണമെന്നും മേയർ വി.വി. രാജേഷ് കർശന നിലപാടെടുത്തു. കോർപ്പറേഷൻ പണം മുടക്കി വാങ്ങിയ ബസുകളുടെ ലാഭവിഹിതം കൃത്യമായി കെഎസ്ആർടിസി നൽകുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി. കരാർ ലംഘനം നടന്നോ എന്ന കാര്യത്തിൽ നഗരസഭാ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

See also  “വിജയകരമായ ഇന്ത്യ ലോകത്തിന് മുതൽക്കൂട്ട്”; ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും യൂറോപ്യൻ യൂണിയനും

Also Read: അയ്യപ്പന്റെ സ്വർണ്ണം നഷ്ട്പ്പെടരുത്! സി പി ഐ എം ആരെയും സംരക്ഷിക്കില്ല; എം വി ഗോവിന്ദൻ

2023 ഫെബ്രുവരിയിൽ കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആർടിസിയും ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്ന് മേയർ ആരോപിച്ചു. നഗരസഭയുമായി ആലോചിക്കാതെ റൂട്ടുകൾ നിശ്ചയിക്കുന്നത് കരാറിന് വിരുദ്ധമാണ്. നഗരത്തിലെ ഗ്രാമീണ മേഖലകളിലും ഇടറോഡുകളിലും യാത്രാസൗകര്യം ഉറപ്പാക്കാനാണ് ബസുകൾ വാങ്ങിയത്. എന്നാൽ ഇപ്പോൾ ലാഭകരമല്ലെന്ന പേരിൽ ഇവ നഗരത്തിന് പുറത്തേക്ക് മാറ്റുകയാണ്. കെഎസ്ആർടിസി കരാർ ലംഘിക്കുന്നുവെന്ന് മുൻ മേയർ ആര്യ രാജേന്ദ്രൻ മുൻപ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വാർത്താസമ്മേളനത്തിൽ വായിച്ചുകൊണ്ടാണ് വി.വി. രാജേഷ് സർക്കാരിനെ പ്രതിരോധിച്ചത്. നിലവിലെ ഭരണസമിതിയുടെ ആവശ്യം മുൻപ് എൽഡിഎഫ് ഭരണസമിതിയും ഉയർത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബസ് സർവീസിൽ നിന്നുള്ള ലാഭവിഹിതം കോർപ്പറേഷന് നൽകുന്നതിലും കെഎസ്ആർടിസി വീഴ്ച വരുത്തിയതായി മേയർ ആരോപിച്ചു.
The post ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയർ വി.വി. രാജേഷ്, ത്രികക്ഷി കരാർ ലംഘിച്ചെന്ന് കെഎസ്ആർടിസിക്കെതിരെ പരാതി appeared first on Express Kerala.

Spread the love

New Report

Close