കുടിയേറ്റക്കാരെ കാണുമ്പോൾ കലിപ്പുകയറുന്നവർക്കും, അതിരുകൾ കെട്ടി മനുഷ്യരെ വേർതിരിക്കാൻ നടക്കുന്ന ‘മുതലാളിമാർക്കും’ ന്യൂയോർക്കിൽ നിന്ന് കിട്ടിയത് എട്ടിന്റെ പണിയാണ്! ലോകത്തിന്റെ നെറുകയായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെറുമൊരു സത്യപ്രതിജ്ഞയല്ല, അമേരിക്കയിലെ ഏറ്റവും വലിയ മെട്രോപോളിസിന്റെ ചരിത്രത്തിലാദ്യമായി ഒരു മുസ്ലീം നാമം മുഴങ്ങിക്കേട്ട നിമിഷം കൂടിയായിരുന്നു അത്. ബൈബിളിന് പകരം ഖുർആൻ ഉയർത്തിപ്പിടിച്ച് മംദാനി അധികാരം ഏറ്റെടുത്തപ്പോൾ, അത് കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിന്റെ വായടപ്പിക്കുന്ന ഒരു മറുപടി കൂടിയായി.
ആഡംബര കൊട്ടാരങ്ങളിലല്ല, ടൈംസ് സ്ക്വയറിന് താഴെയുള്ള ഉപയോഗശൂന്യമായ ഒരു സബ്‌വേ സ്റ്റേഷനിലാണ് മംദാനി തന്റെ സ്വകാര്യ സത്യപ്രതിജ്ഞയ്ക്കായി സ്ഥലം കണ്ടെത്തിയത്. തന്റെ മുത്തച്ഛന്റെ ഖുർആനും ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിൽ നിന്ന് കടമെടുത്ത 200 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഖുർആൻ പകർപ്പും അദ്ദേഹം ഇതിനായി ഉപയോഗിച്ചു. മുൻഗാമികൾ ബൈബിളിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത സിറ്റി ഹാളിൽ, ഇനി ഇസ്ലാമിക ഗ്രന്ഥത്തിന്റെ തണലിൽ മംദാനി ഭരണം തുടങ്ങും.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
200 വർഷം പഴക്കമുള്ള ഖുർആനും ഷോംബർഗ് ബന്ധവും
മംദാനി തിരഞ്ഞെടുത്ത ആ ഖുർആൻ പകർപ്പിന് മറ്റൊരു വിപ്ലവ കഥ കൂടി പറയാനുണ്ട്. പ്രശസ്ത കറുത്തവർഗക്കാരനായ ചരിത്രകാരൻ അർതുറോ ഷോംബർഗിന്റെ ശേഖരത്തിലുള്ളതായിരുന്നു ഈ ഗ്രന്ഥം. 19-ാം നൂറ്റാണ്ടിൽ ഓട്ടോമൻ സിറിയയിൽ നിർമ്മിച്ചതെന്ന് കരുതുന്ന ഈ ഖുർആൻ, ഹാർലെം നവോത്ഥാനത്തിന്റെ സ്മരണകൾ കൂടി പേറുന്നു. ഉൾപ്പെടുത്തലിന്റെയും പ്രാതിനിധ്യത്തിന്റെയും പൗരബോധത്തിന്റെയും അടയാളമായാണ് ലൈബ്രറി അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്.
“ജിഹാദിസ്റ്റ് കമ്മ്യൂണിസ്റ്റ്” വിളികൾക്ക് പുല്ലുവില
മംദാനിയുടെ വിജയം ദഹിക്കാത്ത എലീസ് സ്റ്റെഫാനിക്കിനെപ്പോലുള്ള തീവ്ര വലതുപക്ഷക്കാർ അദ്ദേഹത്തെ “ജിഹാദിസ്റ്റ് കമ്മ്യൂണിസ്റ്റ്” എന്നും “തീവ്രവാദ അനുഭാവി” എന്നും വിളിച്ചു പരിഹസിച്ചിരുന്നു. ഇതിനു പിന്നിലെ ‘ഗുരുക്കന്മാർ’ ആരാണെന്ന് ലോകത്തിന് നന്നായറിയാം. എന്നാൽ, ഗാസയിലെ വംശഹത്യക്കെതിരെയും പലസ്തീൻ അവകാശങ്ങൾക്കായും ശബ്ദമുയർത്തിയ മംദാനി തന്റെ നിലപാടിൽ ഉറച്ചുനിന്നു. “ഞാൻ ആരാണെന്നോ എന്റെ വിശ്വാസമോ ഞാൻ മാറ്റില്ല, ഇനി ഞാൻ നിഴലിലല്ല വെളിച്ചത്തിലായിരിക്കും,” എന്ന അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗ് വിമർശകരുടെ വായടപ്പിക്കുക കൂടിയുണ്ടായി.
Also Read: ‘വെളുക്കണം’ എന്ന് തോന്നുമ്പോൾ ഈ ജീവികളെ കൂടി ഓർക്കണം..! നിങ്ങൾ വിശ്വസിക്കില്ല, ഈ അത്യപൂർവ്വ ജീവികൾ നിങ്ങളുടെ ഉറക്കം കെടുത്തും
കുടിയേറ്റക്കാരെ ‘വിദേശ കീടങ്ങൾ’ എന്ന് വിളിക്കുന്നവർക്ക് ന്യൂയോർക്കിലെ ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണ് ഉഗാണ്ടയിൽ ജനിച്ച ഈ ദക്ഷിണേഷ്യൻ വംശജന്റെ വിജയം. 9/11-ന് ശേഷം അമേരിക്കയിൽ മുസ്ലീങ്ങൾ നേരിട്ട ഇസ്ലാമോഫോബിയയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ മംദാനി പങ്കുവെച്ച വീഡിയോകൾ തരംഗമായിരുന്നു. ഇന്ന് അതേ ന്യൂയോർക്കിന്റെ താക്കോൽ ഒരു മുസ്ലീം യുവാവിന്റെ കയ്യിലെത്തുമ്പോൾ അത് ജനാധിപത്യത്തിന്റെ യഥാർത്ഥ വിജയമായി കൂടി മാറുന്നുണ്ട്.
Also Read: യുദ്ധക്കളത്തിൽ ഇനി ‘ബുദ്ധി’ ജയിക്കും! തോക്കുകളല്ല, ലോകത്തെ വിറപ്പിക്കുന്നത് ഈ മാരക സോഫ്റ്റ്‌വെയറുകൾ; ശത്രുവിനെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന 10 അത്യാധുനിക ആയുധങ്ങൾ
സൊഹ്‌റാൻ മംദാനിയുടെ സത്യപ്രതിജ്ഞ കേവലം ഒരു ചടങ്ങല്ല, അതൊരു വിളംബരമാണ്. വെറുപ്പിന്റെ രാഷ്ട്രീയം വിൽക്കുന്നവർക്കും, മതം നോക്കി പൗരത്വം അളക്കുന്നവർക്കും ഈ ന്യൂയോർക്ക് മേയർ ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഖുർആനിലെ വചനങ്ങളിൽ തൊട്ട് അദ്ദേഹം അധികാരം ഏറ്റെടുക്കുമ്പോൾ വൈറ്റ് ഹൗസിലെ ചില ‘പഴയ മുഖങ്ങളിൽ’ അമർഷം പടരുന്നുണ്ടാകാം. പക്ഷേ, ചരിത്രം തിരുത്തിക്കുറിച്ചു കഴിഞ്ഞു. കുടിയേറ്റക്കാരും സാധാരണക്കാരും ഇനി ന്യൂയോർക്കിന്റെ നെറുകയിൽ തലയുയർത്തി നിൽക്കും.
The post ട്രംപിന്റെ നെഞ്ചുപിടയ്ക്കും, ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ! ചില ‘അപ്പൂപ്പന്മാർക്ക്’ ഇത് ദഹിക്കില്ല; അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് ‘സൊഹ്‌റാൻ’ appeared first on Express Kerala.



