ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നു. പുതുവത്സരാഘോഷങ്ങൾക്കിടെ ശരിയത്ത്പൂരിൽ ഖോകൻ ചന്ദ്ര എന്ന ഹിന്ദു ബിസിനസുകാരനെ ഒരു സംഘം അക്രമിച്ച് തീകൊളുത്തി. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 40 കാരനായ ഖോകനെ തടഞ്ഞുനിർത്തിയ അക്രമികൾ, ക്രൂരമായി മർദ്ദിക്കുകയും ആയുധങ്ങൾ കൊണ്ട് കുത്തുകയും ,ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപത്തുള്ള കുളത്തിലേക്ക് ചാടിയാണ് ഖോകൻ ജീവൻ രക്ഷിച്ചത്. നിലവിൽ ശരിയത്ത്പൂർ സദർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹിന്ദു സമുദായത്തിന് നേരെ നടക്കുന്ന നാലാമത്തെ വലിയ ആക്രമണമാണിത്.
ഇന്ത്യാ വിരുദ്ധ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയാണ് നിലവിലെ ആക്രമണങ്ങൾക്കും പശ്ചാത്തലമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നുവെന്നാരോപിച്ച് നടക്കുന്ന പ്രതിഷേധങ്ങൾ പലപ്പോഴും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൈമെൻസിംഗിൽ ബജേന്ദ്ര ബിശ്വാസ് എന്ന യുവാവ് വെടിയേറ്റ് മരിക്കുകയും, അമൃത് മൊണ്ടൽ എന്ന വ്യക്തി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, മതനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസ് എന്ന ഫാക്ടറി തൊഴിലാളിയും അടുത്തിടെ കൊല ചെയ്യപ്പെട്ടിരുന്നു.
തുടർച്ചയായുണ്ടാകുന്ന ഇത്തരം വംശീയ അതിക്രമങ്ങളിൽ ന്യൂനപക്ഷ ഹിന്ദു സമൂഹം വലിയ ഭീതിയിലാണ്. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ പ്രാദേശിക അധികാരികൾ പരാജയപ്പെടുന്നു എന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെയുള്ള ഈ നിരന്തര ശത്രുതയിലും സുരക്ഷാ വീഴ്ചയിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തിലും ഈ സംഭവങ്ങൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുകയാണ്.
The post ആയുധങ്ങളുമായി ആൾക്കൂട്ടം, ദേഹത്ത് പെട്രോൾ: പുതുവത്സര രാത്രിയിൽ ബംഗ്ലാദേശിൽ നടന്നത് ക്രൂരമായ അക്രമം appeared first on Express Kerala.



