തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയതുമായി ബന്ധപ്പെട്ട് സി.പി.ഐ ഉന്നയിച്ച വിമർശനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്നും തന്റെ നിലപാടിന് അനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനാണെങ്കിൽ ഒരിക്കലും വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നും, ഓരോരുത്തർക്കും അവരവരുടേതായ നിലപാടുകളുണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു. താൻ ചെയ്തത് ശരിയായ പ്രവൃത്തിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സി.പി.ഐയെ ‘ചതിയൻ ചന്തു’ എന്ന് വെള്ളാപ്പള്ളി നടേശൻ വിശേഷിപ്പിച്ചതിനെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളിക്കളഞ്ഞു. എൽ.ഡി.എഫ് മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയാണ് സി.പി.ഐ എന്നും സി.പി.എമ്മുമായി അവർക്ക് മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ഒരിക്കലും വഞ്ചന കാണിക്കുന്ന പാർട്ടിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, മുന്നണി ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ ആര് നയിക്കുമെന്ന കാര്യം ഇപ്പോൾ ആലോചനയിലില്ലെന്നും അത് പാർട്ടിയും മുന്നണിയും തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം മറുപടി നൽകി.
The post ബിനോയ് വിശ്വമല്ല പിണറായി വിജയൻ; വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി appeared first on Express Kerala.



