ഭർത്താവിന്റെ സമ്മതം വേണ്ട; ഗർഭഛിദ്രത്തിൽ സ്ത്രീയുടെ തീരുമാനമാണ് അന്തിമം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഭർത്താവിന്റെ സമ്മതം വേണ്ട; ഗർഭഛിദ്രത്തിൽ സ്ത്രീയുടെ തീരുമാനമാണ് അന്തിമം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഗർഭഛിദ്രം സംബന്ധിച്ച നിയമങ്ങളിൽ വിപ്ലവകരമായ നിരീക്ഷണവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹിതയായ ഒരു സ്ത്രീക്ക് ഗർഭം അലസിപ്പിക്കാൻ ഭർത്താവിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്മതം ആവശ്യമില്ലെന്നും, സ്ത്രീയുടെ ശാരീരികവും മാനസികവുമായ താൽപ്പര്യങ്ങൾക്കാണ് പരമപ്രധാനമായ സ്ഥാനമെന്നും കോടതി വ്യക്തമാക്കി. 1971-ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിൽ എവിടെയും ഭർത്താവിന്റെ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പഞ്ചാബ് സ്വദേശിയായ 21-കാരി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സുവീർ സെഗാൾ ഉത്തരവ് പുറപ്പെടുവിച്ചത്. 2025 മേയിൽ വിവാഹിതയായ യുവതിക്ക് ഭർത്താവുമായി കടുത്ത അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന നടപടികൾക്കിടെ ഗർഭിണിയായ യുവതി, കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിനാലാണ് 16 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന സാഹചര്യത്തിൽ കുട്ടിയെ വളർത്താൻ താൻ മാനസികമായി തയ്യാറല്ലെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു.

Also Read: രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി കർണാടക സർക്കാരിന്റെ സർവേ; വോട്ടിങ് യന്ത്രങ്ങളിൽ വിശ്വാസമർപ്പിച്ച് 83% പേർ

ഗർഭാവസ്ഥയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഏറ്റവും വലിയ അധികാരം സ്ത്രീക്കാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീ വെറുമൊരു മെഷീനല്ല, ഗർഭം ധരിക്കാനും അത് തുടരാനും അവൾ മാനസികമായി തയ്യാറായിരിക്കണം എന്ന് കോടതി ഊന്നിപ്പറഞ്ഞു.ചണ്ഡിഗഡ് പി.ജി.ഐ.എം.ഇ.ആർ രൂപീകരിച്ച മെഡിക്കൽ ബോർഡ് യുവതിയെ പരിശോധിച്ചത്തിൽ ഗർഭഛിദ്രത്തിന് സമ്മതം നൽകാൻ അവർ മാനസികമായി യോഗ്യയാണെന്നും പരിശോധനയിൽ വ്യക്തമാക്കി.

Also Read: ബെല്ലാരിയിൽ രാഷ്ട്രീയ സംഘർഷം; കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു; മുൻ മന്ത്രിയുടെ ഗൺമാൻ വെടിയുതിർത്തു

ഭ്രൂണത്തിന് 20 ആഴ്ചയിൽ താഴെ മാത്രമേ വളർച്ചയുള്ളൂ എന്നതിനാൽ ഇത് എം.ടി.പി നിയമപ്രകാരം അനുവദനീയമായ സമയപരിധിക്കുള്ളിലാണെന്നും കോടതി നിരീക്ഷിച്ചു. 2022-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, അവിവാഹിതരായ സ്ത്രീകൾക്കും 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ നിയമപരമായ അവകാശമുണ്ട്. ഭർത്താവിന്റെ പീഡനം മൂലം ഗർഭഛിദ്രം തേടുന്നവർക്ക് ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് നേരത്തെ കേരള ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവ് പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്ര നടപടികൾ പൂർത്തിയാക്കാൻ ചണ്ഡിഗഡ് പി.ജി.ഐ.എം.ഇ.ആർ അധികൃതർക്ക് കോടതി നിർദ്ദേശം നൽകി.
The post ഭർത്താവിന്റെ സമ്മതം വേണ്ട; ഗർഭഛിദ്രത്തിൽ സ്ത്രീയുടെ തീരുമാനമാണ് അന്തിമം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി appeared first on Express Kerala.

Spread the love
See also  വേദനിക്കുന്നവരുടെ സങ്കടം നമ്മുടെ കൂടി വേദനയാണ്; എം. സ്വരാജ്

New Report

Close