
തക്കല: വിദ്യാർത്ഥിനികൾ സ്കൂൾ ക്ലാസ് മുറിയിലിരുന്ന് പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ തമിഴ്നാട്ടിൽ കനത്ത പ്രതിഷേധം. കന്യാകുമാരി ജില്ലയിലെ തക്കല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രവേശന പരീക്ഷാ കോച്ചിങ് ക്ലാസിനിടെ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂൾ പ്രിൻസിപ്പലിനെ അടിയന്തരമായി സ്ഥലംമാറ്റുകയും സംഭവത്തിൽ ജില്ലാ ഭരണകൂടം സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
NEET, JEE തുടങ്ങിയ മത്സരപരീക്ഷകൾക്കായുള്ള പ്രത്യേക കോച്ചിങ് ക്ലാസുകൾക്കായി കഴിഞ്ഞ ഓഗസ്റ്റ് 8-നാണ് സ്കൂളിൽ വിദ്യാർത്ഥികൾ എത്തിയത്. ക്ലാസുകൾ അവസാനിച്ചതിന് ശേഷവും കുറച്ച് വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ തുടരുകയും ഇവിടെ വെച്ച് മദ്യപിക്കുകയുമായിരുന്നു. കൂട്ടത്തിലെ ഒരു വിദ്യാർത്ഥിനി തന്നെയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തത്. ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കടുത്ത സുരക്ഷാ വീഴ്ചയാണെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ.
Also Read: കലികാലമല്ലാതെ എന്ത് പറയാൻ? പ്രണയവും വിവാഹമോചനവും ഒടുവിൽ ദാരുണാന്ത്യവും; മുൻ ഭർത്താവിനെ തവകൊണ്ട് തലയ്ക്കടിച്ച് കൊന്ന് യുവതി
സംഭവം വൻതോതിൽ ചർച്ചയായതോടെ കന്യാകുമാരി ജില്ലാ കളക്ടർ ഉടൻ ഇടപെടുകയായിരുന്നു. തുടർനടപടിയുടെ ഭാഗമായി തക്കല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കി. അവധി ദിവസങ്ങളിലും പ്രത്യേക ക്ലാസ് സമയങ്ങളിലും സ്കൂൾ ക്യാമ്പസുകളിൽ മതിയായ മേൽനോട്ടവും നിരീക്ഷണവും ഉറപ്പാക്കണമെന്ന ആവശ്യവും ഇതിലൂടെ ശക്തമായിരിക്കുകയാണ്. ദൃശ്യങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം കൂടുതൽ കർശന നടപടികൾ ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സൂചന.
The post സർക്കാർ സ്കൂൾ ക്ലാസ് മുറിയിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; പ്രിൻസിപ്പലിന് സ്ഥലംമാറ്റം appeared first on Express Kerala.




