
അബൂജ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ദുരന്തത്തിനു പിന്നാലെ പ്രചരിച്ച അത്ഭുത വാർത്തകൾക്ക് വിരാമം. കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ച നൈജീരിയൻ ഫുട്ബോൾ താരം ചിനെഡു ഓസോർ മോർച്ചറിയിൽ വെച്ച് കൈകൾ ചലിപ്പിച്ചുവെന്നും ജീവനോടെ തിരിച്ചെത്തിയെന്നുമുള്ള തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കട്സീന യുണൈറ്റഡ് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് നൈജർ ടൊർണാഡോസിനെതിരായ പ്രീ-സീസൺ മത്സരത്തിനിടെ കട്സീന യുണൈറ്റഡിന്റെ റൈറ്റ് ബാക്കായ 27 കാരൻ ചിനെഡു ഓസോർ മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താരത്തിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതിനുപിന്നാലെയാണ് മോർച്ചറി അറ്റൻഡന്റോ താരത്തിന്റെ കൂടെയുള്ളവരോ അദ്ദേഹത്തിന്റെ കൈകളിൽ ചലനം ശ്രദ്ധിച്ചുവെന്നും, തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ഓക്സിജൻ നൽകിയെന്നുമുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഈ വാർത്തകൾ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയും പിന്നീട് ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.
Also Read: മൂന്നാം നമ്പറിലെ വിശ്വസ്തൻ; ശ്രീലങ്കയ്‌ക്കെതിരെ തകർപ്പൻ സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ!
എന്നാൽ ഈ വാർത്തകൾ തികച്ചും വ്യാജമാണെന്ന് കട്സീന യുണൈറ്റഡ് വ്യക്തമാക്കി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ, കുടുംബാംഗങ്ങൾ പ്രത്യാശയോടെ നടത്തിയ അഭ്യർത്ഥനകളെയും പരിശോധനകളെയും ചിലർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ക്ലബ്ബ് അധികൃതർ വിശദീകരിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങളും ബ്ലോഗർമാരും പിന്മാറണമെന്നും, ഈ ദുഘടഘട്ടത്തിൽ താരത്തിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ക്ലബ്ബ് അഭ്യർത്ഥിച്ചു. നൈജീരിയൻ പ്രീമിയർ ഫുട്ബോൾ ലീഗിൽ ഹാർട്ട്‌ലാൻഡ്, കാനോ പില്ലേഴ്സ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായെല്ലാം കളിച്ചിട്ടുള്ള പരിചയസമ്പന്നനായ താരമാണ് ചിനെഡു ഓസോർ. താരത്തിന്റെ വേർപാടിൽ നൈജീരിയൻ ഫുട്ബോൾ ലോകം കനത്ത ഷോക്കിലും ദുഃഖത്തിലുമാണ്.
The post കട്സീനയുടെ കണ്ണീർ! മോർച്ചറിയിൽ ജീവൻ തിരിച്ചുകിട്ടിയെന്ന വാർത്തകൾക്ക് പിന്നിലെ സത്യം appeared first on Express Kerala.




