ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം തുടങ്ങും മുൻപ് തന്നെ, മാധ്യമങ്ങൾ എന്തായാലും ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമ വാർത്തകൾ പ്രകാരം ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് പറയുന്നത്. സംസ്ഥാന സെക്രട്ടറിയായി കണ്ണൂരിൽ നിന്നുള്ള എം വിജിൻ വരുമെന്നാണ് പ്രവചനം. ആലപ്പുഴയിൽനിന്നുള്ള രാഹുലിനെ ട്രഷററായി തീരുമാനിച്ചതായും ഈ വാർത്തകളിൽ പറയുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ഫ്രാക്ഷൻ യോഗത്തിലാണ് ഈ പാനൽ അവതരിപ്പിച്ചതെന്നാണ് പുറത്ത് വന്ന വാർത്തകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത്.
ഈ വാർത്ത ശരിയാണെങ്കിൽ, ഇനി എന്തിനാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നടത്തുന്നത് എന്നാണ് സംഘാടകരോട് ചോദിക്കാനുള്ളത്. സംഘടനാ സമ്മേളനത്തിലെ ഏറ്റവും പ്രധാന അജണ്ടയിലെ തീരുമാനം, സമ്മേളനം തുടങ്ങും മുൻപ് തന്നെ പുറത്ത് വന്നിട്ടുണ്ടെങ്കിൽ, അത് എന്തായാലും അത്ര നിഷ്‌കളങ്കമായി കാണാൻ സാധിക്കുന്ന കാര്യമല്ല. ചിന്തയും വിജിനും എല്ലാം കഴിവുള്ള നേതാക്കൾ തന്നെയാണ്, അക്കാര്യത്തിൽ സംശയമില്ല. എന്നാൽ, സി.പി എം സംസ്ഥാന സെക്രട്ടറിയോ, സെക്രട്ടറിയേറ്റോ വയ്ക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക എന്ന രീതി മാറ്റി, ഡിവൈഎഫ്ഐയെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇനിയെങ്കിലും ആ സംഘടനയ്ക്ക് തന്നെ വിട്ടു കൊടുക്കുന്നതാണ് നല്ലത്.
സമ്മേളന പ്രതിനിധികളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം ആരാണോ തിരഞ്ഞെടുക്കപ്പെടുന്നത് അവരാണ് ഡിവൈഎഫ്ഐയെ നയിക്കാൻ യോഗ്യരായവർ. അതല്ലാതെ, മുൻകാലങ്ങളിൽ നടന്നതു പോലെ, ഏതെങ്കിലും സി.പി.എം നേതാക്കളുടെ താല്പര്യ പ്രകാരം ഭാരവാഹികളെ അടിച്ചേൽപ്പിച്ചാൽ, പുതിയ കാലത്ത് അത് ഡിവൈഎഫ്ഐയ്ക്ക് ഗുണം ചെയ്യുകയില്ല. ജനങ്ങൾ സി.പി.എമ്മിൽ നിന്നും അകലാനും ഭരണം നഷ്‌ടപ്പെടാനും എല്ലാം പ്രധാന കാരണം നേതൃരംഗത്തെ പിഴവാണ്. അത്തരം പിഴവുകൾ ഡിവൈഎഫ്ഐയിലും ആവർത്തിച്ചാൽ, ആ സംഘടനയും വലിയ തകർച്ചയിലേക്കാണ് പോവുക. സ്വതന്ത്ര സംഘടനയാണ് ഡിവൈഎഫ്ഐ എന്ന് ചുമ്മാ പ്രസംഗിച്ചാൽ മാത്രം പോര, സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള അവകാശവും അവർക്ക് സി.പി.എം നേതൃത്വം നൽകണം. ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ്, ഡിവൈഎഫ്ഐ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത്. അതിനുള്ള സ്വാതന്ത്ര്യമെങ്കിലും ആ സംഘടനയ്ക്ക് നൽകണം.
നിലവിൽ, സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ് ചിന്ത ജെറോം എന്നാൽ സി.പി.എമ്മിലെ ഈ സീനിയോററ്റിയല്ല, ഡിവൈഎഫ്ഐയിലെ അവരുടെ പ്രവർത്തനം മുൻ നിർത്തി ആയിരിക്കണം പ്രസിഡൻ്റായി തിരഞ്ഞെടുക്കേണ്ടത്. പാർട്ടി പരിപാടി ആയാലും സംഘടനയുടെ പരിപാടി ആയാലും അമ്മയെ ഒപ്പം കൊണ്ട് നടക്കുന്ന ഒരു ശീലം ചിന്തയ്ക്കുണ്ട്. ഇത് ശരിയായ ഒരു രീതിയാണോ എന്നതും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. ഇനി വനിതാ നേതാക്കളെ പ്രധാന ഭാരവാഹി സ്ഥാനത്ത് കൊണ്ടുവരണമെന്ന നിലപാടിൻ്റെ ഭാഗമായാണ് തീരുമാനമെങ്കിൽ അക്കാര്യത്തിലും ചോദിക്കാൻ ചില ചോദ്യങ്ങളുണ്ട്. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറിയറ്റ് എടുത്ത ഈ തീരുമാനവും ഭൂരിപക്ഷം ജില്ലകളിലും അട്ടിമറിക്കപ്പെട്ടിട്ടില്ലേ ?
ആകെ നാല് വനിതാ ജില്ലാ പ്രസിഡന്റുമാർ മാത്രമേ ജില്ലാ സമ്മേളനങ്ങൾ എല്ലാം പൂർത്തിയായപ്പോൾ തിരഞ്ഞെടുക്കപ്പെട്ടുള്ളൂ എന്നത് സഖാക്കൾ മറന്നു പോകരുത്. ഒരു ജില്ലയിലും സെക്രട്ടറി സ്ഥാനം വനിതകൾക്ക് നൽകിട്ടില്ല. കണ്ണൂർ, പാലക്കാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് പ്രസിഡന്റായി വനിതകളെത്തിയത്. ഇടുക്കി, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞശേഷമാണ് ഈ നിബന്ധന കൊണ്ടുവന്നത് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ട്രഷറർ സ്ഥാനം മാത്രമാണ് വനിതകൾക്ക് നൽകിയിരിക്കുന്നത്.
എല്ലാ കമ്മിറ്റികളിലും കുറഞ്ഞത് 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഭരണഘടനാ ഭേദഗതികളിലൂടെ ഡി.വൈ.എഫ്.ഐ. കർശനമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. വെറും കമ്മിറ്റി അംഗങ്ങൾ എന്നതിലുപരി പ്രധാന ഭാരവാഹിത്വങ്ങളിലേക്ക് വനിതാ നേതാക്കളെ തിരഞ്ഞടുക്കണമെന്നതാണ് പുതിയ തീരുമാനം. ഈ തീരുമാനത്തെ അഭിനന്ദിക്കുമ്പോൾ തന്നെ സെലക്ടീവായി നടപ്പാക്കുന്ന രീതിയെ എന്തായാലും ചോദ്യം ചെയ്യാതിരിക്കാൻ കഴിയുകയില്ല. ഡിവൈഎഫ്ഐ എന്നു പറയുന്നത് ഒരു സമര സംഘടനയാണ്, ഈ സമര സംഘടനയെ കേവലം പൊതിച്ചോറ് സംഘടനയാക്കി ഒതുക്കിയത് തന്നെ അനവധി രക്തസാഷികളെ സൃഷ്ടിച്ച ഈ മഹാ പ്രസ്ഥാനത്തോട് ചെയ്യുന്ന മഹാപാപമാണ്.
നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിക്കേ ? ഡിവൈഎഫ്ഐയുടെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ എന്താണ് ? ഭരണ വിലാസം സംഘടനയായി നിൽക്കാനാണോ ലക്ഷക്കണക്കിന് പേർ ഈ സംഘടനയിൽ ചേർന്നിരിക്കുന്നത് ? ഡിവൈഎഫ്ഐ പ്രവർത്തകരെ പോലും പിറകോട്ടടിപ്പിക്കുന്ന നിഷ്‌ക്രിയത്വമാണ് ഈ കാലയളവിൽ സംഘടനയ്ക്ക് ഉണ്ടായിരിക്കുന്നത്. അനീതി എവിടെ കണ്ടാലും, ആര് ചെയ്താലും , അത് ചോദ്യം ചെയ്യണം. അതിന് കഴിയില്ലങ്കിൽ പിന്നെ സ്വതന്ത്ര സംഘടന എന്നൊന്നും പറയരുത്.
പി.എം ശ്രീ മുതൽ പലതും വിഡി സതീശൻ സർക്കാർ ഒരു ഉളുപ്പുമില്ലാതെ നടപ്പാക്കുമ്പോഴും, ന്യായികരണങ്ങൾ നിരത്തുമ്പോഴും അതിനെതിരായ ഡിവൈഎഫ്ഐ നേതാക്കളുടെ പ്രതികരണങ്ങൾ ചീറ്റി പോകുന്നതും, കോമഡിയായി മാറുന്നതും , കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് അവർ സ്വീകരിച്ച നിലപാടുകൾ ഒന്നുകൊണ്ട് മാത്രമാണ്. അതെന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല. ഡിവൈഎഫ്ഐയുടെ ഈ അവസ്ഥ ഇനിയെങ്കിലും മാറിയാൽ മാത്രമേ, ഇടതുപക്ഷ രാഷ്‌ട്രീയത്തിനും കേരളത്തിൽ മുന്നേറാൻ കഴിയൂ.
തൊഴിലില്ലായ്മ മുതൽ വിദ്യാഭ്യാസം വരെ, അതു പോലെ തന്നെ, മതനിരപേക്ഷത മുതൽ പൊതുമേഖലാ സംരക്ഷണം വരെ, യുവജനങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾക്ക് എതിരെ മുൻകാലങ്ങളിൽ തെരുവിൽ പോരാടിയ സംഘടനയാണ് ഡിവൈഎഫ്ഐ. ജനവിരുദ്ധരായ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ, ഡിവൈഎഫ്ഐയെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത ഒരു കാലവും ഈ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്തിനേറെ, നെഞ്ച് വിരിച്ച് കൈകോർത്ത് ഈ കേരളത്തെ കാസർഗോഡ് മുതൽ തിരുവനന്തപുരത്തെ പാറശ്ശാല വരെ അളന്ന പ്രസ്ഥാനമാണിത്.
ഇങ്ങനെയൊക്കെ ഒരു ചരിത്രമുള്ള ഡിവൈഎഫ്ഐയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നത്, പുതുതായി സംഘടനയെ നയിക്കുവാൻ പോകുന്നവരും, അവരെ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചവരും ഓർക്കുന്നത് നല്ലതായിരിക്കും.
EXPRESS VIEW
വീഡിയോ കാണാം…
The post ഭാരവാഹികളെ മാധ്യമങ്ങൾ പ്രഖ്യാപിച്ചു, ആരുടെ തീരുമാനം? ഇനി എന്തിനാണ് ഡിവൈഎഫ്ഐ സമ്മേളനം നടത്തുന്നത്? appeared first on Express Kerala.




