
കാലടി സംസ്‌കൃത സർവകലാശാലയിൽ വൈസ് ചാൻസലറെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത സംഭവത്തിൽ നാല് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. തന്നെ കയ്യേറ്റം ചെയ്തുവെന്ന് സർവകലാശാല വൈസ് ചാൻസലർ സിസാ തോമസ് നൽകിയ പരാതിയിലും, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള പ്രധാന നടപടി. മെബിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്.
പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ആദ്യം നാലു പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വിസി സിസാ തോമസിന്റെ പരാതിയിലും ഇവർക്കെതിരേ പോലീസ് കർശന നടപടി സ്വീകരിച്ചത്. കഴിഞ്ഞ പതിമൂന്നാം തീയതി സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ തന്നെ കയ്യേറ്റം ചെയ്യുകയും, കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനം ആക്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് സിസാ തോമസ് ഇ-മെയിൽ മുഖാന്തരം പോലീസിന് പരാതി നൽകിയിരുന്നു.
ALSO READ;ദേശീയപതാക ഉയർത്താൻ മടിച്ചവരാണോ കോൺഗ്രസിനോട് മാപ്പുപറയാൻ പറയുന്നത്? അമിത്ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ജയ്‌റാം രമേശ്!
സർവകലാശാലാ ചാൻസലറുടെയും വിസിയുടെയും നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ക്യാമ്പസിൽ എസ്എഫ്‌ഐ രംഗത്തുള്ളതിനിടയിലാണ് ഈ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. വിസിയുടെ ഔദ്യോഗിക വാഹനത്തിന് നേരെയും ഉദ്യോഗസ്ഥർക്ക് നേരെയും ഉണ്ടായ അതിക്രമങ്ങൾ കാമ്പസിൽ വലിയതോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ പ്രവർത്തകർക്കെതിരെ അന്വേഷണം നടക്കുമെന്നാണ് സൂചന.
The post വിസിയെ തടഞ്ഞും കയ്യേറ്റം ചെയ്തും എസ്എഫ്ഐ പ്രതിഷേധം; കാലടി സർവകലാശാലയിൽ നാല് പ്രവർത്തകർ അറസ്റ്റിൽ! appeared first on Express Kerala.




