
തൃശൂർ: തളിക്കുളം പത്താംകല്ല് ബീച്ചിൽ കുളിക്കാനിറങ്ങിയ ഉത്തരേന്ത്യൻ യുവാവിനെ കടൽത്തിരയിൽപ്പെട്ട് കാണാതായി (Thalikulam beach accident Thrissur). ഡൽഹി മുസാഫർനഗർ സ്വദേശി സാക്കിറിന്റെ മകൻ ആമിർ (21) നെയാണ് കാണാതായത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ഡൈ മേക്കർ (Dye maker) തൊഴിലാളിയാണ് ഇയാൾ. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് തമ്പാൻകടവ് പുതിയറപ്പയ്ക്ക് വടക്കുഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.
ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളായ അഞ്ചംഗ സംഘമാണ് തിരുപ്പൂരിൽ നിന്ന് തൃശൂരിലെ സുഹൃത്തിന്റെ അടുത്തേക്ക് എത്തിയത്. തുടർന്ന് ഉച്ചയോടെ ഇവർ തമ്പാൻകടവ് അറപ്പ ബീച്ചിലെത്തുകയായിരുന്നു. സംഘത്തിലെ മൂന്നുപേർ കടലിൽ കുളിക്കാനിറങ്ങിയതിനിടെ കനത്ത തിരമാലയിൽപ്പെട്ട് ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ആമിർ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
വിവരമറിഞ്ഞ് ചേറ്റുവയിൽ നിന്നുള്ള ഫിഷറീസ് വകുപ്പിന്റെയും അഴീക്കോട് തീരദേശ പോലീസിന്റെയും ബോട്ടുകൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആമിറിനെ കണ്ടെത്താനായില്ല. ഗീതാ ഗോപി എം.എൽ.എ, ചാവക്കാട് തഹസിൽദാർ കെ.ടി. ബാബു എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജൂലൈ മാസത്തിലും ഇതേ തീരത്ത് കുളിക്കാനിറങ്ങി രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.
Story Summary: A 21-year-old worker from Delhi, Aamir, was reported missing after being swept away by strong waves while swimming at Thalikulam beach in Thrissur; search operations are underway.




