
ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെറ്റായ ചോദ്യാവലികളും മുൻ ചോദ്യങ്ങളുടെ ആവർത്തനവും ചൂണ്ടിക്കാട്ടി ജൂൺ 22 മുതൽ 30 വരെ നടന്ന് രണ്ട് മാസത്തിന് ശേഷം പരീക്ഷകൾ റദ്ദാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.(Rahul Gandhi Criticizes PM Modi and NTA Over UGC NET Exam Cancellation)
“എൻ.ടി.എ തെറ്റ് വരുത്തുന്നു, എന്നാൽ വിദ്യാർത്ഥികൾ ശിക്ഷ അനുഭവിക്കുന്നു” എന്ന് രാഹുൽ എക്‌സിൽ കുറിച്ചു. സോഷ്യോളജി, ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളുടെ പരീക്ഷകളാണ് എൻ.ടി.എ റദ്ദാക്കിയത്. വർഷങ്ങളോളം തയ്യാറെടുപ്പ് നടത്തി, പരീക്ഷാ ഫീസടച്ച് ദൂരദേശങ്ങളിൽ പോയി പരീക്ഷ എഴുതിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇനി സെപ്റ്റംബറിൽ വീണ്ടും പരീക്ഷ എഴുതേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പർ ചോർന്നിട്ടുണ്ടോ എന്ന യഥാർത്ഥ ചോദ്യത്തിന് എൻ.ടി.എ മറുപടി നൽകുന്നില്ലെന്ന് രാഹുൽ ആരോപിച്ചു. രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ഒരു പരീക്ഷാ സംവിധാനമല്ലെന്നും വിദ്യാർത്ഥികളുടെ പണവും സമയവും മാനസികാരോഗ്യവും ഊറ്റിയെടുക്കുന്ന യന്ത്രമാണെന്നും അദ്ദേഹം വിമർശിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ആദ്യപടി മാത്രമാണെന്നും എൻ.ടി.എയുടെ ഉന്നത നേതൃത്വം ഈ വീഴ്ചയ്ക്ക് മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഭാവി നഷ്ടപ്പെടുത്തുന്ന ഈ സംവിധാനത്തിനെതിരെ പ്രധാനമന്ത്രി മറുപടി പറയുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതികൾ ഉയർന്നതിനെ തുടർന്ന് അന്വേഷണത്തിന് വെച്ച സമിതി, ചോദ്യപേപ്പറിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ, തെറ്റായ പരിഭാഷകൾ, പ്രമുഖ വ്യക്തികളുടെ പേരുകളിലെ പിഴവുകൾ എന്നിവ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ മുൻ വർഷങ്ങളിലെ നിരവധി ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതായും കണ്ടെത്തി. തുടർന്നാണ് നീതിയുക്തമായ പരീക്ഷ ഉറപ്പാക്കുന്നതിനായി മൂന്ന് വിഷയങ്ങളുടെയും പരീക്ഷകൾ റദ്ദാക്കാനും, സെപ്റ്റംബർ 9, 10 തീയതികളിൽ പുതിയ പരീക്ഷ നടത്താനും എൻ.ടി.എ തീരുമാനിച്ചത്.
Story Summary
Lok Sabha Opposition Leader Rahul Gandhi slammed PM Narendra Modi and the NTA over the cancellation of UGC-NET exams for English, Commerce, and Sociology due to paper errors. He criticized the testing system for wasting students’ time and mental health, demanding full accountability from the NTA leadership.




