
മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ചന്ദ്രനിൽ അടിഞ്ഞുകൂടുന്ന മനുഷ്യനിർമിത വസ്തുക്കൾ ശാസ്ത്രജ്ഞരിൽ വലിയ ആശങ്കയുയർത്തുന്നു. അടുത്തിടെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ 4,000 കിലോഗ്രാം ഭാരമുള്ള ഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങിയത് ഇതിന് ഉദാഹരണമാണ്. നിലവിൽ ഏകദേശം 3,000-ത്തോളം മനുഷ്യനിർമിത വസ്തുക്കൾ ചന്ദ്രന്റെ ഉപരിതലത്തിൽ ചിതറിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ.
ബഹിരാകാശ യുഗത്തിന്റെ തുടക്കം മുതൽ ഇതുവരെ ഏകദേശം 200 ടണ്ണോളം ഭാരമുള്ള മനുഷ്യനിർമിത വസ്തുക്കളാണ് ചന്ദ്രനിൽ ഉപേക്ഷിക്കപ്പെടുകയോ ഇടിച്ചിറങ്ങുകയോ ചെയ്തിട്ടുള്ളത്. അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങളുടെ ഭാഗങ്ങൾ, സോവിയറ്റ് യൂണിയന്റെ ലുനഖോഡ് റോവറുകൾ, ചൈനയുടെ യുയുതു റോവറുകൾ തുടങ്ങിയ ചരിത്രപ്രധാനമായ വസ്തുക്കൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവയ്‌ക്കൊപ്പം ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ഭ്രമണപഥങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി റോക്കറ്റ് അവശിഷ്ടങ്ങളും നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളും സ്വകാര്യ കമ്പനികളും ചന്ദ്രനിലേക്ക് ദൗത്യങ്ങൾ അയക്കാൻ തുടങ്ങിയതോടെ ചന്ദ്രന്റെ സമീപപ്രദേശങ്ങളിൽ തിരക്ക് വർധിക്കുകയാണ്. എന്നാൽ ചന്ദ്രനിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കൃത്യമായ അന്താരാഷ്ട്ര നിയമങ്ങളോ പ്രത്യേക മാലിന്യസംസ്‌കരണ സംവിധാനങ്ങളോ നിലവിലില്ല. 1967-ലെ യുഎൻ ബാഹ്യാകാശ ഉടമ്പടി ഹാനികരമായ മലിനീകരണം ഒഴിവാക്കണമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതിന് കൃത്യമായ നിർവചനമോ പരിധിയോ നിശ്ചയിച്ചിട്ടില്ലെന്നത് തിരിച്ചടിയാണ്.
Also Read: ക്യാമറയോ പ്രോസസ്സറോ അല്ല! ഇന്ത്യക്കാർ ഫോൺ മാറ്റാൻ പ്രധാന കാരണം ഇതെന്ന് സർവേ റിപ്പോർട്ട്
കുറഞ്ഞ ഗുരുത്വാകർഷണം കാരണം ചന്ദ്രനിൽ റോക്കറ്റുകൾ ഇടിച്ചിറങ്ങുമ്പോൾ ഉയരുന്ന ചാന്ദ്രധൂളി വളരെ ദൂരേക്ക് സഞ്ചരിക്കുകയും താഴേക്ക് അടിയാൻ ഏറെ സമയമെടുക്കുകയും ചെയ്യും. ഇത് ഭാവിയിൽ സ്ഥാപിക്കാനിരിക്കുന്ന ശാസ്ത്രീയ പരീക്ഷണശാലകൾക്കും സുപ്രധാന വിവരങ്ങൾ നൽകുന്ന ചാന്ദ്രമണ്ണിനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ ഏതെങ്കിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ റോക്കറ്റുകൾ പതിക്കാതിരുന്നത് കേവലം ഭാഗ്യം കൊണ്ടുമാത്രമാണെന്നും, ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടമോ അപകടങ്ങളോ ഉണ്ടായാൽ മാത്രമേ ബഹിരാകാശ ഏജൻസികൾ ഇതിനെ ഗൗരവമായി കാണൂ എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
2025 ജനുവരിയിലെ വിക്ഷേപണത്തിന് ശേഷം സ്പേസ് എക്സ് അടക്കമുള്ള കമ്പനികൾ തങ്ങളുടെ റോക്കറ്റ് അവശിഷ്ടങ്ങൾ സൂര്യന് ചുറ്റുമുള്ള സുരക്ഷിതമായ ഭ്രമണപഥങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. എങ്കിലും ചന്ദ്രന്റെ സ്വാഭാവിക പരിസ്ഥിതി സംരക്ഷിക്കുന്നതിനായി കർശനമായ അന്താരാഷ്ട്ര മാലിന്യ നിയന്ത്രണ നിയമങ്ങൾ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
The post ചന്ദ്രനും ഇനി മാലിന്യക്കൂമ്പാരമാകുമോ? ഉപേക്ഷിക്കപ്പെട്ടത് 200 ടൺ മനുഷ്യനിർമിത വസ്തുക്കൾ appeared first on Express Kerala.




