
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിന്റെ മൂന്നാം ദിനം രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ടെസ്റ്റിൽ 350 വിക്കറ്റുകൾ തികയ്ക്കാൻ താരത്തിന് സാധിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ 4,000 റൺസും 350 വിക്കറ്റുകളും സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും, ലോകത്തിലെ നാലാമത്തെ മാത്രം ഓൾറൗണ്ടറുമാണ് ജഡേജ. ഇതിലൂടെ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിൽ ഇടം നേടാനും താരത്തിനായി. കപിൽ ദേവ് (5,248 റൺസ്, 434 വിക്കറ്റ്), ഇംഗ്ലണ്ടിന്റെ ഇയാൻ ബോഥം (5,200 റൺസ്, 383 വിക്കറ്റ്), ന്യൂസിലൻഡിന്റെ ഡാനിയൽ വെട്ടോറി (4,531 റൺസ്, 362 വിക്കറ്റ്) എന്നിവരാണ് ഈ നേട്ടത്തിൽ ജഡേജയ്ക്ക് മുൻപിലുള്ള മറ്റ് താരങ്ങൾ.
Also Read:ഗാലെയിൽ മഴ വില്ലനാകുമോ? ഒന്നാം ടെസ്റ്റിൽ ലങ്കക്കെതിരെ കൂറ്റൻ ലീഡുമായി ഇന്ത്യ
കൂടാതെ, അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്, ഹർഭജൻ സിംഗ് എന്നിവർക്ക് ശേഷം ടെസ്റ്റിൽ 350 വിക്കറ്റുകൾ പൂർത്തിയാക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ ബൗളറുകൂടിയാണ് രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ഇടങ്കയ്യൻ സ്പിന്നർമാരുടെ പട്ടികയിൽ രംഗണ ഹെറാത്ത് (433), ഡാനിയൽ വെട്ടോറി (362) എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും താരത്തിന് കഴിഞ്ഞു.
The post കപിൽ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിൽ; ടെസ്റ്റിൽ 350 വിക്കറ്റ് നേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ appeared first on Express Kerala.




