
സൗദി അറേബ്യയിൽ ഉയർന്ന അപകടസാധ്യതയുള്ളതും ആളുകൾ കൂടുതലായി ഒത്തുചേരുന്നതുമായ ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ ലൈസൻസ് അനുവദിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇനി അംഗീകൃത തേർഡ് പാർട്ടി കോഓപ്പറേറ്റീവ് ഇൻഷുറൻസ് നിർബന്ധമാക്കി. പൊതുജനസുരക്ഷ ദൃഢമാക്കുന്നതിനും അപകടസാധ്യതകൾ പ്രതിരോധിക്കുന്നതിനുമായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ഈ പുതിയ ഉത്തരവിറക്കിയത്. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാതെ ഇനി ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസിംഗ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ല.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കെമിക്കൽ സംഭരണ കേന്ദ്രങ്ങൾ, ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വെയർഹൗസുകൾ, അപകടകരമായ മെഡിക്കൽ മാലിന്യ സംഭരണ ശാലകൾ, കാർ ടയർ സംഭരണ കേന്ദ്രങ്ങൾ, പെയിന്റ് നിർമ്മാണ ശാലകൾ, ഇൻഡസ്ട്രിയൽ ഡിറ്റർജന്റുകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികൾ, മരങ്ങളുടെ മൊത്തവ്യാപാര സ്ഥാപനങ്ങൾ, ജനറൽ ഗോഡൗണുകൾ എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദ്ദിഷ്ട നിയമപ്രകാരം ഇത്തരം സ്ഥാപനങ്ങൾ ലൈസൻസിനായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് തന്നെ അംഗീകൃത ഇൻഷുറൻസ് കരസ്ഥമാക്കണം.
Also Read: നിയമം ലംഘിച്ച് മലിനജലം തള്ളിയാൽ ലക്ഷം ദിർഹം പിഴ! ടാങ്കറുകൾ പിടിച്ചെടുക്കും; കർശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി
അപകടങ്ങൾ ഉണ്ടായാൽ സംഭവിക്കാവുന്ന വൻ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇൻഷുറൻസ് പരിരക്ഷ അത്യന്താപേക്ഷിതമാണെന്ന് സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി. സുരക്ഷാ മുൻകരുതലുകളും ഇൻഷുറൻസ് പരിരക്ഷയും ഏകോപിപ്പിച്ച് കൂടുതൽ സുരക്ഷിതമായ ഒരു ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.
The post ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ സുരക്ഷാ നിബന്ധന! തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സൗദി അറേബ്യ appeared first on Express Kerala.




