
നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ വൻ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 21-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. രസകരമായ കുടുംബ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രം ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് വൻ വിരുന്നായിരിക്കുമെന്നാണ് സൂചന.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. പ്രേമലുവിന്റെ വൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം തുടങ്ങിയ ഇടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
Also Read: ഇരട്ട വേഷത്തിൽ യാഷ്! ബ്രിട്ടനിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ‘ടോക്സിക്’; ഓഗസ്റ്റ് 26-ന് സിനിമ തിയേറ്ററുകളിലേക്ക്
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ശ്രിന്ദ, മീനാക്ഷി രവീന്ദ്രൻ തുടങ്ങി പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജ്മൽ സാബു ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ആകാശ് ജോസഫ് വർഗ്ഗീസ് ആണ് എഡിറ്റിംഗ്. മികച്ച കഥാപാത്രങ്ങളും കോമഡിയും നിറഞ്ഞ ചിത്രം കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
The post ടിക്കറ്റുകൾ വേഗത്തിൽ തീരുന്നു! നിവിൻ പോളി – മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു appeared first on Express Kerala.




