
തൊടുപുഴ: കുടുംബ വഴക്കിന്റെയും വൈരാഗ്യത്തിന്റെയും പേരിൽ മൈനർ കുട്ടികളെ ഉപയോഗിച്ച് കള്ളക്കേസുകൾ ചമയ്ക്കുന്ന പ്രവണതയ്ക്കെതിരെ നിർണായക വിധിയുമായി തൊടുപുഴ പോക്സോ കോടതി. 2016-ൽ അഞ്ച് വയസ്സുള്ള കൊച്ചുമകനെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയെന്നാരോപിച്ച് തിരുവല്ല പോലീസ് ചാർജ് ചെയ്തിരുന്ന പോക്സോ കേസിലാണ് പ്രതിയായ മുത്തശ്ശനെ കോടതി കുറ്റവിമുക്തനാക്കിയത്. തൊടുപുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ.ബാലാണ് കേസിൽ വിധി പ്രസ്താവിച്ചത്.
പത്തനംതിട്ട പോക്സോ കോടതിയിൽ നടന്നുവന്ന വിചാരണ, ഇരയായ കുട്ടിയുടെയും അമ്മയുടെയും പ്രത്യേക അപേക്ഷയെ തുടർന്ന് ഹൈക്കോടതിയാണ് തൊടുപുഴ പോക്സോ കോടതിയിലേക്ക് മാറ്റിയത്. വിചാരണ വേളയിൽ പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളും ഇമെയിൽ സന്ദേശങ്ങളും സാക്ഷിമൊഴികളും കേസിന്റെ അടിവേരുകൾ മാന്തിപ്പൊളിക്കുന്നതായിരുന്നു. പ്രതിയും കുടുംബാംഗങ്ങളും തമ്മിൽ കടുത്ത വിരോധത്തിലാണെന്നും, അതിന്റെ പേരിൽ അമ്മ കുട്ടിയെ പറഞ്ഞു പഠിപ്പിച്ച് വ്യാജ പരാതി നൽകി പോക്സോ നിയമം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ തെളിയിച്ചു.
Also Read: ശരീരത്തിൽ ക്യാമറ, ഫേസ്‍ബുക്കിലൂടെ ലൈവ്..! സഹപാഠിയെ വെടിവച്ചു കൊന്ന് ഒൻപതാം ക്ലാസുകാരൻ
കുടുംബാംഗങ്ങൾ തമ്മിലുള്ള പക തീർക്കാൻ കുട്ടികളെ കരുവാക്കി പോക്സോ പോലുള്ള ഗൗരവമേറിയ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ കോടതി ഗൗരവമായി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ പ്രതികളെ കുറ്റക്കാരായി കാണുന്നതിന് മുൻപ് തെളിവുകൾ അതിസൂക്ഷ്മമായി അപഗ്രഥിക്കണമെന്ന ഹൈക്കോടതി ഉത്തരവുകളും കോടതി വിധിക്കിടെ എടുത്തുപറഞ്ഞു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 32 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തെങ്കിലും, പ്രതിഭാഗം സാക്ഷികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും കേസിന്റെ വിശ്വാസ്യത തകർക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ സാജു പോൾ അറുകാലിൽ, ഷിജി സാജു അറുകാലിൽ, വിഷ്ണു. എസ്, ജോസ് പി.എ. എന്നിവർ കോടതിയിൽ ഹാജരായി.
The post കുടുംബ വൈരാഗ്യം; പേരക്കുട്ടിയേ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ മുത്തശ്ശനെ വെറുതേ വിട്ടു! appeared first on Express Kerala.




