
2030-ഓടെ ഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ആറ് പുതിയ എസ്യുവി മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. പെട്രോൾ, സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക്, ഓഫ്-റോഡ് വിഭാഗങ്ങളിലായിരിക്കും കമ്പനി വാഹനങ്ങൾ പുറത്തിറക്കുക. ഇതിന്റെ ഭാഗമായി വെന്യുവിനും ക്രെറ്റയ്ക്കുമിടയിലായി ബയോൺ അടിസ്ഥാനമാക്കിയുള്ള ആദ്യ 4 മീറ്ററിൽ താഴെയുള്ള സിഎൻജി എസ്യുവി കമ്പനി എത്തിച്ചേക്കും. കൂടാതെ, 1.5 ലിറ്റർ പെട്രോൾ എൻജിൻ അടിസ്ഥാനമാക്കിയുള്ള സ്ട്രോങ് ഹൈബ്രിഡ് സംവിധാനവുമായി മൂന്നാം തലമുറ ക്രെറ്റയും വിപണിയിലെത്തിക്കാൻ ഹ്യുണ്ടായി പദ്ധതിയിടുന്നുണ്ട്.
ഇലക്ട്രിക് വിപണിയിൽ ടാറ്റ പഞ്ച് ഇവിയെ നേരിടാൻ ഇൻസ്റ്റർ ഇ.വിയുടെ പവർട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കോംപാക്ട് ഇലക്ട്രിക് എസ്യുവിയാണ് ഹ്യുണ്ടായി തയ്യാറാക്കുന്നത്. ഇത് സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് പതിപ്പുകളിൽ ലഭ്യമായേക്കും. ഇതുകൂടാതെ, ‘നി1ഐ’ എന്ന കോഡ് നാമത്തിൽ ക്രെറ്റയുടെ പവർട്രെയിൻ പങ്കിടുന്ന പുതിയ 7 സീറ്റർ പ്രീമിയം എസ്യുവി മോഡലും ഹ്യുണ്ടായിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Also Read: ടാറ്റ പഞ്ച് ഇവി സ്വന്തമാക്കാൻ എട്ട് മാസം കാത്തിരിക്കണം? നീണ്ട കാത്തിരിപ്പിന് പിന്നിലെ കാരണം ഇതാണ്
ആഗോള ഫ്ലാഗ്ഷിപ്പ് മോഡലായ പാലിസേഡ് 2.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും അടങ്ങുന്ന ഹൈബ്രിഡ് പവർട്രെയിനോടെ 2028-ഓടെ ഇന്ത്യയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, 2026 ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിൽ അവതരിപ്പിച്ച ബോൾഡർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഓഫ്-റോഡ് എസ്യുവി വിഭാഗത്തിലേക്കും ഹ്യുണ്ടായി പ്രവേശിക്കും. ഈ പുതിയ നീക്കങ്ങളിലൂടെ രാജ്യത്തെ എസ്യുവി വിപണിയിലെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The post വിപണി പിടിക്കാൻ ഹ്യുണ്ടായി; ആറ് പുതിയ എസ്യുവികളുമായി ഇന്ത്യൻ നിരത്തുകളിലേക്ക്! appeared first on Express Kerala.




