
ബോളിവുഡിന്റെ ബിഗ് ബിയായി മാറുന്നതിന് മുൻപ് താൻ നേരിടേണ്ടി വന്ന കടുത്ത അവഗണനകളെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് മുതിർന്ന നടൻ അമിതാഭ് ബച്ചൻ. ഉയരക്കൂടുതലിന്റെയും അഭിനയപരിചയമില്ലായ്മയുടെയും പേരിൽ സിനിമാ സെറ്റിൽ നിന്ന് തന്നോട് ഇറങ്ങിപ്പോകാൻ സംവിധായകർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം ഓർത്തെടുത്തത്. ‘കോൻ ബനേഗാ ക്രോർപതി’യുടെ പ്രത്യേക എപ്പിസോഡിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ ലവ്‌ലിന ബോർഗോഹെയ്ൻ, ഝണ്ഡു കുമാർ, ഷർമിള ധൻകർ, അസ്മിത ഡേ എന്നിവരുമായി സംസാരിക്കവെയാണ് താരം സിനിമാജീവിതത്തിലെ ആദ്യകാല ദുരനുഭവങ്ങൾ പങ്കുവെച്ചത്.
പരിശീലനത്തിനിടെ കായികതാരങ്ങൾക്ക് വഴക്ക് കേൾക്കേണ്ടി വരുന്നത് പോലെ സിനിമാ സെറ്റുകളിലും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കായികതാരം അസ്മിത ഡേയുടെ ചോദ്യത്തിന് മറുപടിയായാണ് ബച്ചൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കരിയറിന്റെ തുടക്കത്തിൽ തനിക്ക് നിരന്തരം വഴക്കും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘അഭിനയിക്കാൻ അറിയില്ല, പൊക്കക്കൂടുതലുണ്ട്, അതിനാൽ വീട്ടിലേക്ക് പൊയ്‌ക്കോളൂ’ എന്ന് പലരും മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. പിന്നീട് അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും ഡയലോഗ് പറച്ചിലിന്റെ ശൈലിയുടെ പേരിൽ നിരവധി തവണ ശകാരിക്കപ്പെട്ടു. നിരന്തരമായ തിരുത്തലുകൾ വരുത്തിയാണ് താൻ അഭിനയം മെച്ചപ്പെടുത്തിയതെന്നും ബച്ചൻ വ്യക്തമാക്കി.
Also Read: ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി മുൻനിര നടി; ബെറ്റിങ് ആപ്പ് കേസിൽ കുരുക്ക് മുറുകുന്നു!
തന്റെ കരിയറിലെ മറ്റൊരു മോശം അനുഭവവും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചു. ഒരിക്കൽ ഷൂട്ടിങ്ങിന് വൈകിയെത്തിയതിനെ തുടർന്ന് സംവിധായകനിൽനിന്ന് കടുത്ത അവഗണന നേരിടേണ്ടി വന്നു. അന്ന് സ്വന്തമായി കാറില്ലാതിരുന്നതിനാൽ മറ്റൊരാളുടെ കാറിലാണ് സെറ്റിലെത്തിയത്. എന്നാൽ താൻ എത്തിയപ്പോഴേക്കും ഷൂട്ടിങ് പാക്കപ്പായി എന്ന് പറഞ്ഞ് തന്നെ കളിിയാക്കിക്കൊണ്ട് ഇറങ്ങിപ്പോകാൻ സംവിധായകൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ബിഗ് ബി ഓർത്തെടുത്തു. ഈ ദുരിതങ്ങളെയും അവഗണനകളെയും അതിജീവിച്ചാണ് താൻ ഇന്നത്തെ നിലയിലെത്തിയതെന്നും അദ്ദേഹം ഓർമിച്ചു.
The post ‘പൊക്കക്കൂടുതലുണ്ട്, അഭിനയിക്കാൻ അറിയില്ല’; ബിഗ് ബിയാകുന്നതിന് മുൻപ് അമിതാഭ് ബച്ചൻ നേരിട്ട ആ ഞെട്ടിക്കുന്ന അപമാനങ്ങൾ! appeared first on Express Kerala.




