ആയിരം കോടി തട്ടിയ വമ്പൻ വലയിലായത് 200 രൂപയുടെ ‘ഡിജിറ്റൽ’ കെണിയിൽ! ഗുജറാത്ത് പോലീസിന്റെ മാസ്സ് ഓപ്പറേഷൻ

ആയിരം കോടി തട്ടിയ വമ്പൻ വലയിലായത് 200 രൂപയുടെ ‘ഡിജിറ്റൽ’ കെണിയിൽ! ഗുജറാത്ത് പോലീസിന്റെ മാസ്സ് ഓപ്പറേഷൻ

അഹമ്മദാബാദ്: തട്ടിപ്പുകാർ ഇരകളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന തന്ത്രം തിരിച്ചുപ്രയോഗിച്ച്, 1071.5 കോടി രൂപയുടെ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് കേസ് ചുരുളഴിച്ച് ഗുജറാത്ത് പോലീസ്. അസം ബാർപേട്ട സ്വദേശിയായ റഫീഖുൽ ആലമാണ് ഗുജറാത്ത് സി.ഐ.ഡി.യുടെ സൈബർ സെന്റർ ഓഫ് എക്‌സലൻസിന്റെ ബുദ്ധിപൂർവ്വമായ നീക്കത്തിലൂടെ പിടിയിലായത്. വെറും 200 രൂപയുടെ ഒരു ബാങ്ക് ഇടപാട് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ആയിരം കോടിയിലേറെ രൂപയുടെ അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയെ വെളിച്ചത്തുകൊണ്ടുവന്നത്.

അഹമ്മദാബാദിലെ വിരമിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടുവെന്നാരോപിച്ച് നാസിക് പോലീസാണെന്ന വ്യാജേന ദിവസവും മണിക്കൂറുകളോളം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റിലാക്കുകയായിരുന്നു തട്ടിപ്പുകാർ. ഭയന്നുപോയ ഉദ്യോഗസ്ഥൻ 20 ലക്ഷം രൂപ തട്ടിപ്പുകാർക്ക് നൽകാനായി ഭാര്യയുടെ അക്കൗണ്ടിലെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി കൈമാറാൻ ഒരുങ്ങി. എന്നാൽ അവസാന നിമിഷം ഇയാൾ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം സി.ഐ.ഡി സംഘത്തെ സമീപിക്കുകയായിരുന്നു.

Also Read: എരുമയെയും ബൈക്കിനെയും ചൊല്ലി തർക്കം; ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച ഭർത്താവിന് ജീവപര്യന്തം

പരാതി ലഭിച്ച ഉടൻ പ്രതികൾക്ക് സംശയം തോന്നാതിരിക്കാൻ ഇരയോട് ഡിജിറ്റൽ അറസ്റ്റിൽ തന്നെയാണ് താനെന്ന് അഭിനയിക്കാൻ പോലീസ് ആവശ്യപ്പെട്ടു. തുടർന്ന് പണം കൈമാറാമെന്ന് അറിയിച്ചപ്പോൾ പ്രതികൾ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി. അക്കൗണ്ട് സ്ഥിരീകരിക്കുന്നതിനായി പോലീസ് ഇരയെക്കൊണ്ട് വെറും 200 രൂപ മാത്രം പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. ഈ 200 രൂപയുടെ ഡിജിറ്റൽ ട്രെയ്സ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസമിലെ സാഞ്ചുക സ്വദേശിയായ റഫീഖുൽ ആലത്തിലേക്ക് പോലീസ് എത്തിച്ചേർന്നത്. തുടർന്ന് ഓഗസ്റ്റ് 16-ന് പോലീസ് സംഘം അസമിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ഗുജറാത്തിലെത്തിക്കുകയായിരുന്നുവെന്ന് സി.ഐ.ഡി എസ്.പി വിവേക് ഭേദ വ്യക്തമാക്കി.

തുടർന്ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ അക്കൗണ്ട് വഴി ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സി.ഐ.ഡി കണ്ടെത്തി. സൂറത്തിലെയും ജാംനഗറിലെയും അഹമ്മദാബാദിലെയും നിരവധിയാളുകൾ ഇയാളുടെ ചതിയിൽപെട്ടിട്ടുണ്ട്. സൂറത്തിൽ നിന്നുള്ള ഒരാൾ 20 ലക്ഷം രൂപ നൽകാനായി സ്വന്തം കട വരെ വിറ്റഴിച്ചതായി കണ്ടെത്തി.

See also  കപ്പലുകൾ സൂക്ഷിക്കുക! അമേരിക്കയുടെ സൈനിക വിതരണ ശൃംഖല നിരീക്ഷിച്ച് ഇറാൻ; ഇനി എന്ത് സംഭവിക്കും?

കിട്ടുന്ന പണം നിമിഷങ്ങൾക്കകം 3,000 രൂപയുടെ ചെറിയ തുകകളാക്കി 1,754 അക്കൗണ്ടുകളിലേക്ക് മാറ്റുകയും, തുടർന്ന് ചൈനയിലേക്കും കംബോഡിയയിലേക്കും ക്രിപ്റ്റോ വാലറ്റുകൾ വഴി കടത്തുകയുമായിരുന്നു പ്രതിയുടെ രീതി. കാംബോഡിയ കേന്ദ്രീകരിച്ചാണ് ഫോൺ കോളുകൾ വന്നിരുന്നത്. ‘China Ma’am 4’ എന്ന പേരിൽ സേവ് ചെയ്ത നമ്പറുമായി പ്രതി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. 16 കോടി രൂപയുടെ ഇടപാടുകൾ നടത്തിയ 23 ക്രിപ്റ്റോ വാലറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ തുക ചൈനയിലേക്ക് കടത്തിയതായാണ് പ്രാഥമിക നിഗമനം.

The post ആയിരം കോടി തട്ടിയ വമ്പൻ വലയിലായത് 200 രൂപയുടെ ‘ഡിജിറ്റൽ’ കെണിയിൽ! ഗുജറാത്ത് പോലീസിന്റെ മാസ്സ് ഓപ്പറേഷൻ appeared first on Express Kerala.

Spread the love
Scroll to Top