
തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (BEVCO Onam bonus 2026) ജീവനക്കാർക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. പരമാവധി ബോണസ് തുകയായി 1,05,000 രൂപ ജീവനക്കാർക്ക് ലഭിക്കും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുൻവർഷത്തെക്കാൾ 2,500 രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉള്ളത്. കഴിഞ്ഞ വർഷം 1,02,500 രൂപയായിരുന്നു സ്ഥിരം ജീവനക്കാരുടെ ബോണസ്.
ബോണസിന് പുറമേ ഓണം അഡ്വാൻസായി 50,000 രൂപ നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. എംപ്ലോയ്മെന്റ് ജീവനക്കാരുടെ ബോണസ് 250 രൂപ വർദ്ധിപ്പിച്ച് 6,250 രൂപയാക്കി. സ്വീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ വീതവും ബോണസായി ലഭിക്കും.
ഗാലനേജ് ഫീ ഏർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് 31-ലെ കണക്കുപ്രകാരം ബെവ്കോ 281.95 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു (തൊട്ടുമുൻവർഷം 124.10 കോടി ലാഭത്തിലായിരുന്നു). എന്നാൽ ഗാലനേജ് വിഷയം ഫിനാൻസ് ഡിപ്പാർട്ട്മെന്റുമായി ആലോചിച്ച് പരിഹരിക്കുമെന്നും നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
Story Summary:
BEVCO announced a record Onam bonus of up to ₹1,05,000 for its employees, along with an advance of ₹50,000, despite recorded financial losses.




