അറിയാതെ തലയിൽ വീണത് ലക്ഷങ്ങളുടെ വായ്പ! ഉപഭോക്താക്കളുടെ രേഖകൾ ചോർത്തി കാസർകോട് ശ്രീറാം ഫിനാൻസിൽ കോടികളുടെ തട്ടിപ്പ്

അറിയാതെ തലയിൽ വീണത് ലക്ഷങ്ങളുടെ വായ്പ! ഉപഭോക്താക്കളുടെ രേഖകൾ ചോർത്തി കാസർകോട് ശ്രീറാം ഫിനാൻസിൽ കോടികളുടെ തട്ടിപ്പ്

കാസർകോട്: മുൻപ് എടുത്ത വായ്പകൾ ഒരു രൂപ പോലും കുടിശ്ശികയില്ലാതെ കൃത്യമായി അടച്ചുതീർത്ത് സ്വസ്ഥമായി ജീവിച്ചിരുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ ഞെട്ടിച്ച് കാസർകോട് ശ്രീറാം ഫിനാൻസ് ശാഖയിൽ കോടികളുടെ വായ്പത്തട്ടിപ്പ്. സ്ഥാപനത്തിൽ മുൻപ് ലോണിനായി സമർപ്പിച്ച തിരിച്ചറിയൽ രേഖകളും ആധാരങ്ങളും ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ദുരുപയോഗം ചെയ്താണ് അവരുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ പുതിയ വായ്പകൾ വ്യാജമായി സൃഷ്ടിച്ചിരിക്കുന്നത്. മറ്റ് ആവശ്യങ്ങൾക്കായി മറ്റ് ബാങ്കുകളെ സമീപിക്കുമ്പോൾ മാത്രമാണ് തങ്ങൾ അറിയാതെ ലക്ഷങ്ങളുടെ കടക്കാരായി മാറിയ വിവരം ഉപഭോക്താക്കൾ തിരിച്ചറിയുന്നത്.

വായ്പ തിരിച്ചടവുകളെല്ലാം പൂർത്തിയാക്കി സാമ്പത്തിക ബാധ്യതകളൊന്നുമില്ലെന്ന് വിശ്വസിച്ചിരുന്ന പലരും സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പലരുടെയും പേരിൽ മൂന്നോളം പുതിയ വായ്പകൾ നിലവിലുള്ളതായി സിബിൽ റിപ്പോർട്ടിൽ വ്യക്തമായി കാണിക്കുന്നു. നിത്യജീവിതത്തിന് പോലും കഷ്ടപ്പെടുന്ന സാധാരണക്കാരായ ആളുകളാണ് ഈ വൻ സാമ്പത്തിക കെണിയിൽ അകപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ഫോർ വീലർ വായ്പ മുഴുവനായി അടച്ചുതീർത്ത ഒരു ഉപഭോക്താവ് മറ്റൊരു ആവശ്യത്തിനായി ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് തന്റെ പേരിൽ വൻ തുകയുടെ മൂന്ന് പുതിയ ലോണുകൾ സജീവമായി കിടക്കുന്നത് കണ്ട് അമ്പരന്നത്.

Also Read: കേട്ടാൽ അറയ്ക്കുന്ന ചെയ്തികൾ! സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛൻ അടക്കം എട്ട് പേർ പിടിയിൽ

സംഭവത്തെക്കുറിച്ച് വിശദീകരണം തേടി ഉപഭോക്താക്കൾ ശാഖയിലെത്തിയപ്പോൾ ശാഖാ മാനേജർ സ്ഥലത്തുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ജീവനക്കാരാകട്ടെ സോഫ്റ്റ്‌വെയർ അപ്‌ഡേഷന്റെ ഭാഗമായുള്ള സാങ്കേതിക തകരാറാണെന്നും മൂന്ന് ദിവസത്തിനകം പരിഹരിക്കാമെന്നും പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുകയാണുണ്ടായത്. എന്നാൽ ഈ വിഷയം രേഖാമൂലം എഴുതി നൽകാൻ അധികൃതർ തയ്യാറാകാതിരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

വായ്പയ്ക്കായി മുൻപ് നൽകിയ ആധാർ, പാൻ കാർഡുകൾ, ജാമ്യക്കാരുടെ വിവരങ്ങൾ, സ്ഥലത്തിന്റെ രേഖകൾ എന്നിവ തിരികെ ചോദിച്ചപ്പോൾ ലിഖിതമായി റിക്വസ്റ്റ് നൽകിയാലേ നൽകാനാവൂ എന്ന വിചിത്ര നിലപാടാണ് കമ്പനി സ്വീകരിച്ചത്. മൂന്ന് ദിവസത്തിനകം സിബിൽ തകരാറുകൾ പരിഹരിച്ച് തങ്ങളുടെ രേഖകൾ തിരികെ നൽകാൻ കമ്പനി തയ്യാറായില്ലെങ്കിൽ ഉപഭോക്തൃ കോടതിയെ അടക്കം സമീപിച്ച് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം.

See also  യുപി ബോർഡ് 10, 12 ക്ലാസ് പരീക്ഷകൾ; കേന്ദ്രങ്ങൾ ഓൺലൈനായി തിരഞ്ഞെടുക്കുന്നതിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു!

The post അറിയാതെ തലയിൽ വീണത് ലക്ഷങ്ങളുടെ വായ്പ! ഉപഭോക്താക്കളുടെ രേഖകൾ ചോർത്തി കാസർകോട് ശ്രീറാം ഫിനാൻസിൽ കോടികളുടെ തട്ടിപ്പ് appeared first on Express Kerala.

Spread the love
Scroll to Top