
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (ഓഗസ്റ്റ് 23) മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച (ഓഗസ്റ്റ് 24) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത മണിക്കൂറുകളിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും മറ്റന്നാളും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന സൂചനയാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്.
Also Read: ‘കൊച്ചി മെട്രോ’ ഇനി ‘കേരളം മെട്രോ’; പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് കെഎംആർഎൽ ശുപാർശ!
മഴ മുന്നറിയിപ്പിന് പുറമെ കേരള തീരത്ത് ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വൈകിട്ട് വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള താഴ്ന്ന തീരദേശ മേഖലകളിലും, തമിഴ്നാട്, ലക്ഷദ്വീപ്, കർണാടക തീരങ്ങളിലും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
The post സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രത മുന്നറിയിപ്പ്! appeared first on Express Kerala.




