തൃശൂർ: പുലിക്കളിയെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ നേരത്തെയുള്ള പരാമർശം. തന്റെ അഭിപ്രായപ്രകടനം പുലിക്കളി കലാകാരന്മാർക്കും ഇതുമായി ബന്ധപ്പെട്ടവർക്കും മനോവിഷമമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നതായും അതിൽ ഖേദിക്കുന്നതായും അദ്ദേഹം പുതിയ പോസ്റ്റിൽ വ്യക്തമാക്കി.
തൃശൂരിലെ പുലിക്കളി യഥാർഥത്തിൽ ഒരു സിംഗിൾ തീം കാർണിവൽ ആണെന്നാണ് ശ്രീരാമന്റെ വിലയിരുത്തൽ. അതേസമയം കാസർകോടൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോമാണെന്നും കായികതയും ആയോധനകലയും ചേർന്ന കലാരൂപമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പരിശീലനവും മെയ്‌വഴക്കവും ആവശ്യമാണ്. എന്നാൽ കാർണിവലിന് അതൊന്നും ആവശ്യമില്ലെന്നും, പ്രത്യക്ഷത്തിൽ ഒരു സ്പെക്ടക്കിൾ സൃഷ്ടിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO READ;വേറെ എവിടെ കിട്ടും..!‘പാചക വാതകം ഇത്രയും വിലകുറച്ച് മറ്റൊരു രാജ്യവും വിൽക്കുന്നില്ല’; സുരേഷ് ഗോപി
തന്റെ ഈ അഭിപ്രായം ശരിയാണെന്ന് ഇപ്പോഴും മനസ്സിലാക്കുന്നുവെന്നും ശ്രീരാമൻ വ്യക്തമാക്കി. എന്നാൽ അഭിപ്രായപ്രകടനം പക്വതയുള്ളതായില്ലെന്നും അദ്ദേഹം സമ്മതിച്ചു. അതേസമയം, തന്റെ പരാമർശം മൂലം പുലിക്കളി കലാകാരന്മാർക്കും ബന്ധപ്പെട്ടവർക്കും ഉണ്ടായ മനോവിഷമത്തിലാണ് ഖേദം രേഖപ്പെടുത്തുന്നതെന്നും വ്യക്തമാക്കി.
പുലിക്കളി എന്ന നൃത്തകലാരൂപത്തെ കൂടുതൽ മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തുനിന്നുണ്ടാകട്ടെയെന്നും ശ്രീരാമൻ ആശംസിച്ചു. വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം തന്നെ അതുണ്ടാക്കിയ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് നടന്റെ പുതിയ പോസ്റ്റ്.
The post പുലിക്കളി വിമർശിച്ച പോസ്റ്റ്; നിലപാട് ആവർത്തിച്ച് വി.കെ. ശ്രീരാമൻ, ഒപ്പം ഖേദവും appeared first on Express Kerala.




