
തിരുവനന്തപുരം: ഓണാഘോഷങ്ങൾക്കായി നാട്ടിലേക്ക് വരാനൊരുങ്ങുന്ന ബെംഗളൂരു മലയാളികൾക്ക് വലിയ ആശ്വാസമേകി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കന്റോൺമെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ പ്രധാന സ്റ്റേഷനുകളിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി) തിരിച്ചുമാണ് പുതിയ എക്സ്പ്രസ് സ്പെഷ്യലുകൾ ഓടിക്കുന്നത്. മൂന്ന് സ്പെഷ്യൽ ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. ടിക്കറ്റ് റിസർവേഷൻ ഓഗസ്റ്റ് 21 രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു കഴിഞ്ഞു.
ആദ്യ സർവീസായ യശ്വന്ത്പൂർ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06573/06574) ഓഗസ്റ്റ് 21ന് രാത്രി 8:45ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം നോർത്തിലെത്തും. മടക്ക സർവീസ് ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് 3:15ന് പുറപ്പെട്ട് 23ന് രാവിലെ 9:45ന് യശ്വന്ത്പൂരിലെത്തും. രണ്ടാമത്തെ സർവീസായ എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06575/06576) ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെട്ട് 23ന് രാവിലെ 10 മണിക്ക് ലക്ഷ്യസ്ഥാനത്തെത്തും. തിരികെയുള്ള ട്രെയിൻ 23ന് ഉച്ചയ്ക്ക് 12:40ന് പുറപ്പെട്ട് 24ന് പുലർച്ചെ 5:15ന് ബെംഗളൂരു കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും.
Also Read: നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്
മൂന്നാമത്തെ ട്രെയിനായ ബെംഗളൂരു കന്റോൺമെന്റ് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06579/06580) ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെട്ട് 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്തിലെത്തും. ഈ ട്രെയിൻ മടക്കയാത്ര ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12:40ന് ആരംഭിക്കും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം ഉൾപ്പെടെ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം മൂന്ന് ട്രെയിനുകൾക്കും സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
The post ബെംഗളൂരു മലയാളികൾക്ക് ഓണസമ്മാനം! കേരളത്തിലേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി; സർവീസുകൾ കോട്ടയം വഴി appeared first on Express Kerala.




