ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ. വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ നിലവിലുള്ള വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായാണ് ഉയർത്തിയത്. വാർഷിക വരുമാനത്തിൽ ചെറിയ വർദ്ധനവുണ്ടായതിന്റെ പേരിൽ അർഹരായ ആളുകൾക്ക് പെൻഷൻ തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നിർണ്ണായക തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.
സർക്കാരിന്റെ ‘കുടുംബ’ ഡാറ്റാബേസുമായി പെൻഷൻ വിവരങ്ങൾ ബന്ധിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 23.14 ലക്ഷത്തിലധികം ആളുകൾ സംശയനിഴലിലായിരുന്നു. തുടർന്ന് ‘സംയോജന’ ആപ്പ് വഴിയുള്ള പരിശോധനയിൽ രേഖകളിലെ അപൂർണ്ണതയും മേൽവിലാസ മാറ്റവും കാരണം 18 ലക്ഷത്തിലധികം പേരുടെ പെൻഷൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന കുറഞ്ഞ വരുമാന പരിധിയാണ് വലിയൊരു വിഭാഗത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.
Also Read: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ!
പുതിയ ഉത്തരവ് പ്രകാരം 1.20 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള അർഹരായ മുഴുവൻ ആളുകൾക്കും പരിശോധനയ്ക്ക് വിധേയമായി പെൻഷൻ ആനുകൂല്യം തുടർന്നും ലഭ്യമാകും. പെൻഷൻ തടഞ്ഞുവെക്കപ്പെട്ടവർ പുതിയ വരുമാന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സമർപ്പിച്ച് അർഹത ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. രേഖകൾ കൃത്യമായി സമർപ്പിക്കുന്നതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് പെൻഷൻ തുക വീണ്ടും ലഭിച്ചുതുടങ്ങും.
The post വൻ ആശ്വാസം! സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന പരിധി 1.20 ലക്ഷമായി ഉയർത്തി കർണാടക സർക്കാർ appeared first on Express Kerala.




