
ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി മാറാനൊരുങ്ങുന്ന ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല വരുന്നു. വിമാനത്താവളത്തിനുള്ളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി, ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർപോർട്ട് എപിഎം (ആട്ടോമേറ്റഡ് പീപ്പിൾ മൂവർ) ശൃംഖലയായിരിക്കും. ജാപ്പനീസ് ഭീമനായ മിത്സുബിഷിയും ഇന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ എൽ ആൻഡ് ടിയും ചേർന്ന കൂട്ടായ്മയാണ് പദ്ധതിയുടെ നിർമ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ആകെ 50 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ ഡ്രൈവറില്ലാ റെയിൽ ശൃംഖലയിൽ 165 ഓട്ടോമേറ്റഡ് വാഹനങ്ങളാണ് യാത്രക്കാർക്കായി സർവീസ് നടത്തുക. ദുബായ് ഏവിയേഷൻ സിറ്റി കോർപ്പറേഷൻ നൽകിയ നിർമ്മാണ കരാർ അനുസരിച്ച് 2031 ഡിസംബറോടെ പദ്ധതി പൂർത്തിയാകും. ട്രെയിനുകളുടെ രൂപകൽപ്പനയും സിഗ്നലിംഗ് സംവിധാനങ്ങളും മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് നിർവ്വഹിക്കുമ്പോൾ, മറ്റ് പ്രധാന നിർമ്മാണ സിവിൽ പ്രവർത്തികൾ എൽ ആൻഡ് ടി പൂർത്തിയാക്കും. 2032-ഓടെ പൂർണ്ണമായി പ്രവർത്തനം ആരംഭിക്കുന്ന ഈ സംവിധാനം നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എപിഎം ശൃംഖലയുള്ള അമേക്കയിലെ ഡാളസ് വിമാനത്താവളത്തേക്കാൾ ആറിരട്ടി വലിപ്പമുള്ളതായിരിക്കും.
Also Read: സൗദിയിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശം!
പ്രതിവർഷം 26 കോടിയോളം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിശാലമായ ടെർമിനലുകൾക്കിടയിൽ തടസ്സമില്ലാതെ അതിവേഗം യാത്ര ചെയ്യാൻ ഇത് സഹായിക്കും. വിമാനത്താവളത്തിനുള്ളിലെ സർവീസുകൾക്ക് പുറമെ, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനെയും അൽ മക്തൂമിനെയും ബന്ധിപ്പിച്ച് 55 കിലോമീറ്റർ നീളമുള്ള എയർപോർട്ട് എക്സ്പ്രസ് ലൈനും നഗരത്തിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന പുതിയ ദുബായ് മെട്രോ ഗോൾഡ് ലൈനും ഇവിടേക്ക് എത്തും. ലോകത്തിലെ ഏറ്റവും അത്യാധുനികവും സൗകര്യപ്രദവുമായ ഏവിയേഷൻ ഹബ്ബായി അൽ മക്തൂമിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കുന്നു.
The post ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖലയൊരുക്കാൻ ദുബായ്; അൽ മക്തൂം വിമാനത്താവളത്തിൽ വൻ വികസനം appeared first on Express Kerala.




