
ഓണ നാളുകൾ അടുത്തെത്തിയതോടെ സംസ്ഥാനത്ത് പൂക്കളുടെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് പൂവിപണിയിൽ വില വർധിക്കാൻ പ്രധാന കാരണമായത്. വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് നിലവിൽ പൊന്നുംവില ഈടാക്കുന്നത്. കേരളത്തിൽ ഒരു മുഴം മുല്ലപ്പൂവിന് 70 മുതൽ 80 രൂപ വരെയാണ് ഇപ്പോഴത്തെ നിരക്ക്. തമിഴ്‌നാട് വിപണിയിൽ കിലോഗ്രാമിന് 4000 മുതൽ 6000 രൂപ വരെയാണ് മുല്ലപ്പൂവിന്റെ വില. വരുന്ന ദിവസങ്ങളിൽ പൂക്കൾക്ക് വില ഇനിയും ഉയർന്നേക്കുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
മുല്ലപ്പൂവിന് പുറമേ അരളി, ജമന്തി, റോസ്, ചെത്തി എന്നിവയുടെ വിലയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരളിയുടെ വില കിലോയ്ക്ക് 450-ൽ നിന്ന് 500 രൂപയായി ഉയർന്നപ്പോൾ, വെള്ള ജമന്തിക്കും ചെത്തിക്കും കിലോയ്ക്ക് 600 രൂപ വരെയായി. പൂജ റോസിനും ബട്ടൺ റോസിനും 500 രൂപയും, മഞ്ഞ, ഓറഞ്ച് ജമന്തികൾക്ക് യഥാക്രമം 200, 250 രൂപ വരെയുമാണ് വില. വലുപ്പത്തിനനുസരിച്ച് താമരമൊട്ടിന് 50 മുതൽ 150 രൂപ വരെ ഈടാക്കുമ്പോൾ, വാടാമുല്ലയ്ക്ക് 200 രൂപയും തുളസിക്ക് 100 രൂപയുമാണ് നിലവിലെ നിരക്ക്. അലങ്കാര ആവശ്യങ്ങൾക്കുള്ള ശതാവേരി കെട്ടിന് 300 രൂപയും പച്ചിലയ്ക്ക് 35 രൂപയുമാണ് വിപണിയിലെ വില.
The post ഓണം അടുത്തെത്തി; പൂവിപണിയിൽ തീവില, മുല്ലപ്പൂവിന് പൊന്നുംവില appeared first on Express Kerala.




