
ന്യൂഡൽഹി: റഷ്യൻ ‘ഗോസ്റ്റ് ഫ്ലീറ്റിന്റെ’ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന എണ്ണക്കപ്പലിന്റെ ക്യാപ്റ്റനായ ഇന്ത്യൻ നാവികൻ അജയ് പന്ത് ബ്രിട്ടനിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ റിതു പന്ത്. ഭർത്താവ് സാഹചര്യങ്ങളുടെ ബലിയാടായെന്നാണ് റിതു പറയുന്നത്. റഷ്യൻ ഉപരോധം ലംഘിച്ചെന്ന കുറ്റമാണ് 38കാരനായ അജയ് പന്തിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി 10 വർഷം വരെ തടവ് ലഭിക്കാവുന്ന കേസാണിത്. (Russian shadow fleet Ajay Pant arrest)
ജൂൺ 14ന് ഇംഗ്ലീഷ് ചാനലിൽ സ്മൈർട്ടോസ് എന്ന എണ്ണക്കപ്പൽ ബ്രിട്ടീഷ് കമാൻഡോകൾ ഹെലികോപ്റ്ററിൽ നിന്ന് കയറുപയോഗിച്ച് ഇറങ്ങി തടഞ്ഞതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. റഷ്യയിലെ ഉസ്റ്റ്-ലൂഗ തുറമുഖത്ത് നിന്ന് ജൂൺ അഞ്ചിന് പുറപ്പെട്ട കപ്പൽ ഈജിപ്തിലെ പോർട്ട് സെയ്ദിലേക്കായിരുന്നു യാത്ര. റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്ന കപ്പലുകളുടെ ശൃംഖലയാണ് ‘ഷാഡോ ഫ്ലീറ്റ്’ എന്നാണ് ആരോപണം.
ഭർത്താവിനെ കസ്റ്റഡിയിൽ സന്ദർശിച്ച ശേഷമുള്ള അനുഭവം പങ്കുവെച്ച റിതു, അജയ് മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് പറഞ്ഞു. അറസ്റ്റിന് പിന്നാലെയുള്ള ആദ്യ ഫോൺകോളിൽ താൻ ജയിലിലാണെന്നും തന്നെ പുറത്തെടുക്കണമെന്നും അജയ് ആവശ്യപ്പെട്ടതായി റിതു വ്യക്തമാക്കി. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അജയ് ഇപ്പോഴും ബ്രിട്ടീഷ് കസ്റ്റഡിയിലാണ്.
കപ്പലിന്റെ ക്യാപ്റ്റനെന്ന നിലയിൽ അജയ് ചരക്കിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കപ്പലിന്റെ ‘മാസ്റ്റർ’ എന്ന നിലയിൽ ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ കപ്പൽ ഉടമയുടെ ജീവനക്കാരനായ അജയ് നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. കപ്പലിലെ ഏകദേശം 98,000 ടൺ എണ്ണയുമായി ബന്ധപ്പെട്ടാണ് കേസിലെ പ്രധാന ആരോപണം. അജയ് പന്തിനെതിരായ വിചാരണ ഡിസംബർ 15ന് ആരംഭിക്കും. കപ്പലിന്റെ ഉടമകളെയോ കപ്പലിനെയോ മാത്രം ലക്ഷ്യമിടുന്നതിന് പകരം ക്യാപ്റ്റനെതിരെ ഉപരോധലംഘനത്തിന് ക്രിമിനൽ കുറ്റം ചുമത്തുന്ന യൂറോപ്പിലെ ആദ്യ കേസുകളിലൊന്നായതിനാൽ ഇത് നിർണായക നിയമപരീക്ഷണമാകുമെന്നാണ് വിലയിരുത്തൽ. കേസിൽ അജയ് മാത്രമാണ് ക്രൂ അംഗങ്ങളിൽ നിന്ന് പ്രതിചേർക്കപ്പെട്ടത്. മറ്റ് 24 ജീവനക്കാരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ അജയ് പന്തിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിച്ചതായി അറിയിച്ചു. അതേസമയം, രാജ്യാന്തര കപ്പൽഗതാഗത മേഖലയിലെ ജീവനക്കാർക്ക് ഈ കേസ് ആശങ്കയുണ്ടാക്കുന്നതായി തൊഴിലാളി സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ഉപരോധം ഏർപ്പെടുത്തിയ ചരക്കുകളെക്കുറിച്ച് കപ്പൽ ജീവനക്കാർക്ക് എല്ലായ്പ്പോഴും അറിവുണ്ടാകണമെന്നില്ലെന്നും അവർ പറയുന്നു.
Summary: Indian merchant navy captain Ajay Pant is facing sanctions charges in the UK after British commandos intercepted the oil tanker Smyrtos in the English Channel. His wife Ritu Pant says he has been made a scapegoat, while the case could become a significant legal test over the responsibility of seafarers operating vessels linked to Russia’s shadow fleet.




