
ദുബായിൽ മലിനജലം കൊണ്ടുപോകുന്ന ടാങ്കറുകളുടെ സഞ്ചാരം പൂർണ്ണമായും കർശന നിരീക്ഷണത്തിലാക്കി അധികൃതർ രംഗത്ത്. ‘റാസിദ്’ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ടാങ്കറുകളുടെ തത്സമയ വിവരങ്ങൾ ശേഖരിച്ചും, പ്രത്യേക സ്ഥല പരിശോധനകളും പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും ഒരുമിപ്പിച്ചും മലിനജലം അനധികൃതമായി തള്ളുന്നവർക്കെതിരെയുള്ള നടപടികൾ ദുബായ് മുനിസിപ്പാലിറ്റി ശക്തമാക്കിയിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിലും ഓടകളിലും മലിനജലം ഒഴുക്കുന്നവർക്ക് വൻ തുക പിഴയും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ദൂരസ്ഥലങ്ങൾ, വ്യവസായ മേഖലകൾ, സംശയകരമായ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധനകളും സ്ഥിരം നിരീക്ഷണങ്ങളും വ്യാപകമാക്കിയിട്ടുണ്ട്. റാസിദ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ടാങ്കറുകളുടെ അസാധാരണ യാത്രാ റൂട്ടുകളും, അനുമതിയില്ലാത്ത ഇടങ്ങളിൽ വാഹനം നിർത്തുന്നതുമെല്ലാം കൃത്യമായി കണ്ടെത്താൻ സാധിക്കും. ഔദ്യോഗികമായി അംഗീകരിച്ച മലിനജല ശുദ്ധീകരണ പ്ലാന്റുകളിലും നിശ്ചിത ഡിസ്ചാർജ് കേന്ദ്രങ്ങളിലും മാത്രമേ ഗാർഹിക, വാണിജ്യ മലിനജനങ്ങൾ നിക്ഷേപിക്കാൻ പാടുള്ളൂവെന്നും മഴവെള്ള ഡ്രെയിനേജുകളിലോ തുറസ്സായ സ്ഥലങ്ങളിലോ ഇവ ഒഴുക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Also Read: കുവൈത്തിൽൽ പുതിയ മാറ്റങ്ങൾ; വിസിറ്റിങ് വിസ, അവധി അപേക്ഷ ആനുകൂല്യങ്ങള്‍ സെപ്തംബര്‍ മുതല്‍ അവസാനിക്കും
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കടുത്ത ശിക്ഷാനടപടികളാണ് ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പെർമിറ്റ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്നതിനൊപ്പം സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായോ സ്ഥിരമായോ നിർത്തിവയ്പ്പിക്കും. കൂടാതെ, പരിസ്ഥിതിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വരുത്തുന്ന നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കുറ്റക്കാരിൽ നിന്ന് ഈടാക്കും. ഗുരുതരമായ കേസുകളിൽ പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾക്കായി ദുബായ് പൊലീസിന്റെ പരിസ്ഥിതി കുറ്റകൃത്യ വിഭാഗത്തിന് കേസ് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
The post മലിനജലം എവിടെ ഒഴുക്കിയാലും കുടുങ്ങും; ടാങ്കറുകൾ നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി appeared first on Express Kerala.




