
തമിഴ്‌നാട് സർക്കാരിന്റെ ‘തായ്‌മാമൻ തങ്ക മോതിരം’ പദ്ധതിയിലേക്ക് കുറഞ്ഞ നിരക്കിൽ സ്വർണ്ണ മോതിരങ്ങൾ നൽകാനുള്ള കൂറ്റൻ കരാർ സ്വന്തമാക്കി കേരളം ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസും കല്യാൺ ജ്വല്ലറീസും. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഒരു ഗ്രാം വീതമുള്ള സ്വർണ്ണ മോതിരം നൽകുന്നതാണ് ഈ പദ്ധതി. ആദ്യ ഘട്ടത്തിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
755 കോടി രൂപയുടെ ഈ വൻകിട പദ്ധതിയുടെ ടെൻഡറിൽ സ്വർണ്ണവിലയ്‌ക്കൊപ്പം വെറും ഒരു പൈസ മാത്രം സർവീസ് ചാർജ് ക്വാട്ട് ചെയ്താണ് ജോയ് ആലുക്കാസ് ഒന്നാമതെത്തിയത്. നിർമ്മാണച്ചെലവ്, വേസ്റ്റേജ്, ഹാൾമാർക്കിങ്, പാക്കിങ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ എല്ലാ അനുബന്ധ ചെലവുകൾക്കുമായാണ് ജോയ് ആലുക്കാസ് വെറും ഒരു പൈസ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തതോടെ, ടെൻഡറിൽ പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ഈ നിരക്ക് അംഗീകരിക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
Also Read; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ ഓണസമ്മാനം! 33.92 കോടി രൂപയുടെ പാക്കേജിന് അനുമതി
ജോയ് ആലുക്കാസ് മുന്നോട്ടുവെച്ച ഇതേ നിരക്കിൽ പ്രവർത്തിക്കാൻ കല്യാൺ ജ്വല്ലറീസ് മാത്രം സന്നദ്ധത അറിയിച്ചതോടെയാണ് പദ്ധതിയുടെ ഓർഡർ ഇരു ഗ്രൂപ്പുകൾക്കുമായി വിഭജിച്ച് നൽകിയത്. വാണിജ്യ ലാഭത്തേക്കാൾ ഉപരി ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന ഒരു സാമൂഹിക ക്ഷേമ പദ്ധതിയിൽ പങ്കാളിയാകാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പ്രതീകാത്മകമായി ഒരു പൈസ മാത്രം രേഖപ്പെടുത്തിയതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പ്രതികരിച്ചു.
The post തമിഴ്‌നാട് സർക്കാരിനെ ഞെട്ടിച്ച് ജോയ് ആലുക്കാസ്! നവജാത ശിശുക്കൾക്കുള്ള സ്വർണ്ണ മോതിര കരാർ മലയാളി ഗ്രൂപ്പുകൾക്ക് appeared first on Express Kerala.




