2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ ശക്തമാക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെ 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകിയത്. ഏകദേശം 10 ലക്ഷം രൂപ വീതം വിലവരുന്ന ജാക്കറ്റുകളാണ് സുരക്ഷയുടെ ഭാഗമായി വിതരണം ചെയ്തത്.
ആദ്യഘട്ടത്തിൽ എട്ട് നേതാക്കൾക്കും രണ്ടാംഘട്ടത്തിൽ 44 നേതാക്കൾക്കുമാണ് ജാക്കറ്റുകൾ നൽകിയത്. 11 സംസ്ഥാന മന്ത്രിമാരും പട്ടികയിലുണ്ട്. സഞ്ജയ് നിഷാദ്, നന്ദ് ഗോപാൽ ഗുപ്ത ‘നന്ദി’, ഓം പ്രകാശ് രാജ്ഭർ, ബിജെപി നേതാവ് അപർണ യാദവ് തുടങ്ങിയവർക്കും ജാക്കറ്റുകൾ ലഭിച്ചു. സ്വതന്ത്ര ദേവ് സിങ്, ജൈവീർ സിങ്, മഹേന്ദ്ര സിങ് തുടങ്ങിയ ബിജെപി നേതാക്കൾക്കും സുരക്ഷാ പരിരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ALSO READ;ശത്രു ചിന്തിക്കുമ്പോഴേക്ക് തല തെറിച്ചിരിക്കും, ശബ്ദവേഗത്തെയും പിന്നിലാക്കും..! എസ്-400 മിസൈൽ എത്ര വേഗത്തിൽ പായും?
ഇതിനുപുറമെ ഉത്തർപ്രദേശിലെ 98 നേതാക്കൾക്കും പ്രമുഖ വ്യക്തികൾക്കും വിവിധ വിഭാഗങ്ങളിലുള്ള സുരക്ഷ നൽകും. അതേസമയം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ബിജെപി ശക്തമാക്കി. ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവായും ജഗദീഷ് ഈശ്വർഭായ് പട്ടേലിനെ സഹചുമതലയുള്ള നേതാവായും നിയമിച്ചു.
സാമൂഹിക, ജാതി സമവാക്യങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ബിജെപിയുടെ പ്രധാന ശ്രദ്ധ. ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് സംഘടനാ ചുമതലകളിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നുണ്ട്. വിവിധ നിയമസഭാ മണ്ഡലങ്ങളിൽ സാധ്യതയുള്ള സ്ഥാനാർഥികളെയും പാർട്ടിയുടെ നിലവിലെ സ്വാധീനവും വിലയിരുത്താൻ സർവേകളും ആരംഭിച്ചിട്ടുണ്ട്. സംഘടനാ ശക്തി, സാധ്യതയുള്ള സ്ഥാനാർഥികൾ, തിരഞ്ഞെടുപ്പിൽ നിർണായകമാകാവുന്ന പ്രാദേശിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം.
The post യോഗിക്കും അഖിലേഷിനും അടക്കം 52 നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്..! തിരഞ്ഞെടുപ്പിന് മുമ്പ് യുപിയിൽ സുരക്ഷാകവചം appeared first on Express Kerala.




