മിസൈൽ സംവിധാനങ്ങളെ തകർക്കാൻ കഴിയുന്നത്ര ശക്തമായ മിന്നൽ എസ്-400 ലോഞ്ചറിൽ നേരിട്ട് പതിച്ചാൽ എന്താകും സംഭവിക്കുക? കൂറ്റൻ ലോഹചട്ടക്കൂട്, പ്രത്യേക ഗ്രൗണ്ടിങ് സംവിധാനം, മിസൈൽ ട്യൂബുകളുടെ സുരക്ഷാ കവചം തുടങ്ങി നിരവധി സംവിധാനങ്ങളാണ് എസ്-400നെ ഇത്തരം സാഹചര്യങ്ങളിൽ സംരക്ഷിക്കുന്നത്. മിന്നലിന്റെ വൈദ്യുതപ്രവാഹം ലോഞ്ചറിന്റെ പുറംഭാഗത്തിലൂടെ ഒഴുകിപ്പോകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
എസ്-400ന്റെ MZKT-7930 ട്രാൻസ്‌പോർട്ടർ വാഹനത്തിന്റെ സ്റ്റീൽ ചാസിസ് ഫാരഡേ കേജ് പോലെ പ്രവർത്തിക്കുന്നു. അതിനാൽ വൈദ്യുത ചാർജ് വാഹനത്തിന്റെ പുറം ലോഹഭാഗത്തിലൂടെ സഞ്ചരിക്കുകയും കാബിനുള്ളിലുള്ള ജീവനക്കാരെ സംരക്ഷിക്കുകയും ചെയ്യും. 40N6E, 48N6 മിസൈലുകൾ കട്ടിയുള്ള ലോഹ ലോഞ്ച് ട്യൂബുകൾക്കുള്ളിലാണ് പൂർണമായും അടച്ചിരിക്കുന്നത്. ഈ പ്രത്യേക കാനിസ്റ്ററുകൾ വൈദ്യുത ആർക്ക് മിസൈലിലെ സോളിഡ് റോക്കറ്റ് ഇന്ധനത്തിലേക്കോ വാർഹെഡിലേക്കോ എത്തുന്നത് തടയുന്ന തരത്തിലുള്ള വൈദ്യുതകാന്തിക സംരക്ഷണമാണ് നൽകുന്നത്.
ALSO READ;വിശ്വസിക്കുന്നതെല്ലാം ശരികളാവില്ല..! ഈജിപ്തല്ല’, ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഇതാണ്…
മിന്നലിനൊപ്പം ഉണ്ടാകുന്ന ശക്തമായ ഇലക്ട്രോമാഗ്നറ്റിക് പൾസ് (EMP) ഡിജിറ്റൽ സംവിധാനങ്ങളെ തകരാറിലാക്കാനുള്ള സാധ്യതയുമുണ്ട്. ഇത് നേരിടാൻ എസ്-400ന്റെ ഫയർ കൺട്രോൾ സംവിധാനങ്ങളും റഡാർ വാഹനങ്ങളും സൈനിക നിലവാരത്തിലുള്ള സർജ് പ്രൊട്ടക്ടറുകളും ഗ്രൗണ്ടിങ് സർക്യൂട്ടുകളും ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥിരമായ ഫയറിങ് പൊസിഷനിൽ വിന്യസിക്കുമ്പോൾ ഹൈഡ്രോളിക് ഔട്ട്‌റിഗറുകളും ആഴത്തിൽ സ്ഥാപിക്കുന്ന ഗ്രൗണ്ടിങ് റോഡുകളും ഉപയോഗിച്ച് ലോഞ്ചർ ഭൂമിയുമായി ബന്ധിപ്പിക്കും. ഇതുവഴി മിന്നലിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വോൾട്ടിന്റെ വൈദ്യുതപ്രവാഹം ഭൂമിയിലേക്ക് സുരക്ഷിതമായി ഒഴുക്കിവിടാനാകും.
മിന്നൽ പതിച്ചതുകൊണ്ട് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടാതിരിക്കാനും പ്രത്യേക സുരക്ഷയുണ്ട്. ലംബമായ ‘കോൾഡ് ലോഞ്ച്’ സംവിധാനത്തെ പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക്കൽ ഇഗ്നിഷൻ സംവിധാനങ്ങൾ ബാഹ്യ ഇലക്ട്രോമാഗ്നറ്റിക് ഇടപെടലുകളിൽനിന്ന് സംരക്ഷിച്ചിരിക്കുന്നതിനാൽ മിന്നലേറ്റാൽ മിസൈൽ സ്വയം വിക്ഷേപിക്കുകയോ ട്യൂബിനുള്ളിൽ പൊട്ടിത്തെറിക്കുകയോ ചെയ്യില്ലെന്നാണ് വിശദീകരണം. ഏകദേശം 1.25 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള എസ്-400, അതിശക്തമായ കാലാവസ്ഥയിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത സംവിധാനമാണെന്നും റിപ്പോർട്ട് പറയുന്നു. മിന്നലിന്റെ അതിശക്തമായ ചൂടും വൈദ്യുതാഘാതവും നേരിട്ടാലും സംവിധാനം സുരക്ഷിതമായി അതിജീവിച്ച് 600 കിലോമീറ്റർ വരെ നിരീക്ഷണം തുടരാൻ കഴിയുമെന്നാണ് അവകാശവാദം.
The post കാര്യമൊക്കെ ശരിതന്നെ, കണ്ടാൽ അമേരിക്ക മുള്ളും..! പക്ഷെ, മിന്നൽ നേരിട്ട് പതിച്ചാൽ എസ്-400ന് എന്ത് സംഭവിക്കും? appeared first on Express Kerala.




