അബൂദബി: ഇന്ന് മരുഭൂമിയായി കാണുന്ന യു.എ.ഇയിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ എങ്ങനെയായിരുന്നു ജീവിച്ചിരുന്നത്? കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിരൂക്ഷമായ വരൾച്ചയെയും അതിജീവിച്ച മനുഷ്യരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകളാണ് 2026ലെ പുരാവസ്തു ഗവേഷണങ്ങളിൽ പുറത്തുവന്നത്. പ്രാചീന ചരിത്രകാലം മുതൽ വെങ്കലയുഗം വരെയുള്ള ജനവാസം, സാമ്പത്തിക-സാമൂഹിക ജീവിതം, അയൽപ്രദേശങ്ങളുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ തന്നെ മാറ്റം വരുത്തുന്നതാണ് പുതിയ കണ്ടെത്തലുകൾ.
ഷാർജയിലെ ജെബൽ അൽ ബുഹൈസിലെ പറയിടുക്കിൽ നടന്ന രാജ്യാന്തര ഗവേഷണത്തിലാണ് വിവിധ കാലഘട്ടങ്ങളിലായി ഇവിടെ മനുഷ്യവാസം തുടർച്ചയായി നിലനിന്നിരുന്നതായി കണ്ടെത്തിയത്. ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 60,000 വർഷം മുതൽ 16,000 വർഷം വരെയുള്ള കാലയളവിൽ ഇവിടെ മനുഷ്യസാന്നിധ്യമുണ്ടായിരുന്നു. അതിരൂക്ഷമായ വരൾച്ചയും കാലാവസ്ഥാ വ്യതിയാനങ്ങളും ഉണ്ടായിട്ടും പ്രാചീന മനുഷ്യർ ഈ പ്രദേശത്ത് അതിജീവിച്ചിരുന്നുവെന്നതിന്റെ നിർണായക തെളിവായാണ് ഗവേഷകർ ഇതിനെ കാണുന്നത്. അതേസമയം, അൽ ഐനിലെ ഖത്താറ പ്രദേശത്ത് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അറിയിച്ച മറ്റൊരു കണ്ടെത്തലും ചരിത്രാന്വേഷണത്തിന് പ്രാധാന്യമേകുന്നു. ഉമ്മുൽ നാർ കാലഘട്ടത്തിലെ (ബി.സി.ഇ 2700-2000) കൊത്തുപണികളുള്ള കല്ലുകൾ പുനരുപയോഗിച്ച് നിർമിച്ച 11 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള വലിയ കല്ലറയാണ് ഇവിടെ കണ്ടെത്തിയത്. ഏകദേശം ആയിരം വർഷത്തോളം പഴക്കമുള്ള ഈ കൂട്ടക്കല്ലറയിൽ നിന്ന് മൺപാത്രങ്ങൾ, ആയുധങ്ങൾ, ആഭരണങ്ങൾ എന്നിവയും ലഭിച്ചു.
ALSO READ;ഒരു ഇളവും വിലപ്പോവില്ല..! അമ്മയെ വെടിവെച്ച് കൊന്ന മകന് വധശിക്ഷ! നടപ്പാക്കി സൗദി
ഖത്താറയിൽ കണ്ടെത്തിയ അസ്ഥികൂടങ്ങളും മറ്റ് വസ്തുക്കളും ഐസോട്ടോപ്പ്, ഡി.എൻ.എ പരിശോധനകൾക്ക് വിധേയമാക്കുകയാണ്. അന്നത്തെ വ്യാപാര ശൃംഖലകൾ, ഭക്ഷണരീതി, ആരോഗ്യം, മനുഷ്യരുടെ കുടിയേറ്റ പാതകൾ തുടങ്ങിയവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. 2011ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട അൽ ഐനിലെ സാംസ്കാരിക കേന്ദ്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഖത്താറയിലെ കണ്ടെത്തൽ. ഇതിനൊപ്പം യു.എ.ഇയിലെ അഞ്ച് പുതിയ ചരിത്രകേന്ദ്രങ്ങളെ ഐസെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായും സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ദുബൈയിലെ സാറൂഖ് അൽ ഹദീദ്, ഷാർജയിലെ ജെബൽ ഫായ, ഖോർഫക്കാനിലെ പോർച്ചുഗീസ് കോട്ടയും അൽ അദ്വാനി ടവറും ഉൾപ്പെടുന്ന ചരിത്രകേന്ദ്രങ്ങൾ, നഹ്‌വ, വാദി അൽ ഹെലോ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ചത്.
വാദി അൽ ഹെലോയിൽ വെങ്കലയുഗത്തിലെ പാറമേൽ ചിത്രങ്ങളും ചരിത്രഗ്രാമങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. നഹ്‌വയിൽ വെങ്കലയുഗം മുതൽ ആധുനികകാലം വരെയുള്ള ശിലാചിത്രങ്ങൾ 3ഡി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കായി ജെബൽ ഫായയിൽ 2026 മുതൽ 2028 വരെയുള്ള കാലയളവിലേക്ക് രണ്ട് ദശലക്ഷം ദിർഹത്തിന്റെ ഗവേഷണ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്. ഖനനം, പുനരുദ്ധാരണം, ഡിജിറ്റൽ വിവരശേഖരണം, അന്താരാഷ്ട്ര രജിസ്ട്രേഷൻ എന്നിവ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയി യു.എ.ഇയുടെ സമഗ്രമായ ചരിത്രം സംരക്ഷിക്കുകയും വരുംതലമുറയിലേക്ക് കൈമാറുകയും ആഗോളതലത്തിൽ അവതരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. മരുഭൂമിയുടെ മണലിനടിയിൽ മറഞ്ഞുകിടന്നിരുന്ന മനുഷ്യചരിത്രത്തിന്റെ പല അധ്യായങ്ങളും ഇതോടെ കൂടുതൽ വ്യക്തമായി പുറത്തുവരുകയാണ്.
The post മുസ്ലിം രാഷ്ട്രമായിരിക്കില്ല അന്ന് അബുദാബി? പിന്നെ…! 60,000 വർഷം പഴക്കമുള്ള രഹസ്യം പുറത്ത് appeared first on Express Kerala.




