ഒരേ സിനിമാലോകത്ത് പ്രവർത്തിക്കുന്നവർ, പക്ഷേ ഇന്നുവരെ നേരിൽ കണ്ടിട്ടില്ല. എന്നിട്ടും 2019 മുതൽ സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലുമെല്ലാം വീണ്ടും വീണ്ടും വാർത്തയാകുന്ന പേരുകളാണ് താപ്‌സി പന്നുവിന്റെയും കങ്കണ റണൗട്ടിന്റെയും. ഇപ്പോഴിതാ പുതിയൊരു പരാമർശവും പിന്നാലെ കങ്കണയുടെ പ്രതികരണവും എത്തിയതോടെ പഴയ വിവാദങ്ങളും വീണ്ടും ചർച്ചയാകുകയാണ്. നെറ്റിസൺസും അന്വേഷിക്കുന്നത് ഇതുതന്നെ—ഇരുവരും തമ്മിലുള്ള പ്രശ്നം യഥാർഥത്തിൽ തുടങ്ങിയത് എവിടെ നിന്നാണ്?
പുതിയ വിവാദത്തിന് തുടക്കമായത് താപ്‌സിയുടെ പുതിയ നെറ്റ്ഫ്ലിക്സ് ചിത്രം ഗാന്ധാരിയുടെ പ്രമോഷനിടെയുള്ള പരാമർശമാണ്. കങ്കണയുമായി അഭിപ്രായവ്യത്യാസമുണ്ടോ എന്ന ചോദ്യത്തിന്, താൻ കങ്കണയെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും, തന്റെയും കങ്കണയുടെയും സംസാരരീതിയും കാര്യങ്ങളെ കാണുന്ന രീതിയും ഓരോരുത്തരുടെയും വളർച്ചയെയും സമീപനത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും താപ്‌സി പറഞ്ഞു. പിന്നാലെ കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താപ്‌സിയെ വീണ്ടും ‘സസ്തി കോപ്പി’ എന്ന് വിശേഷിപ്പിച്ചു. താപ്‌സിയുടെ പരാമർശം തന്റെ മാതാപിതാക്കളെയും വളർത്തലിനെയും വിമർശിക്കുന്നതായും കങ്കണ വ്യാഖ്യാനിച്ചു. എന്നാൽ പിന്നീട് ഈ സ്റ്റോറികൾ നീക്കം ചെയ്തു. അതേസമയം, താപ്‌സി “Hence proved” എന്ന കുറിപ്പും പങ്കുവച്ചത് പുതിയ പ്രതികരണമായി വിലയിരുത്തപ്പെട്ടു.
ALSO READ;3 ലക്ഷം രൂപയോ..! കണ്ണുംപൂട്ടി ഇറങ്ങിയാൽ കാശു വാരാം, മോദിയുടെ പ്രിയപ്പെട്ട പശു ഇനത്തെ വളർത്താൻ ബീഹാർ കർഷകർ
ഇവരുടെ വിവാദത്തിന് തുടക്കം 2019ലാണ്. കങ്കണയുടെ Judgementall Hai Kyaയുടെ ട്രെയിലർ താപ്‌സി പ്രശംസിച്ചെങ്കിലും കങ്കണയുടെ പേര് പ്രത്യേകം പരാമർശിച്ചില്ല. ഇതിനെതിരെ അന്ന് കങ്കണയുടെ സഹോദരിയും മാനേജരുമായിരുന്ന രംഗോളി ചന്ദേൽ രംഗത്തെത്തി. താപ്‌സിയെ കങ്കണയുടെ ‘സസ്തി കോപ്പി’ എന്നാണ് അവർ വിശേഷിപ്പിച്ചത്. പിന്നീട് 2020ലെ ബോളിവുഡിലെ നെപ്പോട്ടിസം ചർച്ചകളിലും ഇരുവരുടെയും പേരുകൾ വീണ്ടും നേർക്കുനേർ വന്നു. സുഷാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ശക്തമായ നെപ്പോട്ടിസം ചർച്ചകൾ നടക്കുന്നതിനിടെ കങ്കണ, താപ്‌സിയെയും സ്വര ഭാസ്കറെയും ‘ബി-ഗ്രേഡ് നടിമാർ’, ‘നീഡി ഔട്ട്‌സൈഡേഴ്‌സ്’ എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുവന്ന അഭിനേതാക്കളെ പരസ്പരം എതിർത്ത് നിർത്തുന്നതെന്തിനെന്നായിരുന്നു അന്ന് താപ്‌സിയുടെ പ്രതികരണം. 2021ൽ സിനിമാരംഗത്തെ ചിലർക്കെതിരായ ആദായനികുതി പരിശോധനകളെക്കുറിച്ചുള്ള താപ്‌സിയുടെ പരാമർശത്തിലും കങ്കണ വീണ്ടും ‘സസ്തി’ പരാമർശം നടത്തിയിരുന്നു.
എന്നാൽ താൻ ഇതിനെ ഒരിക്കലും യഥാർഥ പോരായി കണ്ടിട്ടില്ലെന്നാണ് താപ്‌സിയുടെ നിലപാട്. രണ്ട് പേർ തമ്മിൽ ഏറ്റുമുട്ടുമ്പോഴാണ് പോരുണ്ടാകുന്നതെന്നും, താൻ കങ്കണയ്‌ക്കെതിരെ ഒരു വരിപോലും പറഞ്ഞിട്ടില്ലെന്നും അവർ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. ‘സസ്തി കോപ്പി’ എന്ന വിശേഷണം തന്നെ അലട്ടുന്നില്ലെന്നും, കങ്കണ മികച്ച നടിയാണെന്നും താൻ അവരുടെ കോപ്പിയാണെന്ന് അവർ കരുതുന്നതിൽ പോലും പ്രശ്നമില്ലെന്നും താപ്‌സി പിന്നീട് പറഞ്ഞു. പുതിയ വിവാദത്തിലും തന്റെ വാക്കുകൾ കങ്കണയുടെ വളർത്തലിനെ മോശമായി ചിത്രീകരിക്കാനല്ലായിരുന്നുവെന്ന് താപ്‌സി വിശദീകരിച്ചു. എന്നാൽ, താൻ പറഞ്ഞതിനെ മോശമായി വ്യാഖ്യാനിക്കുന്നുവെങ്കിൽ അത് അങ്ങനെ വ്യാഖ്യാനിക്കുന്ന വ്യക്തിയുടെ സ്വന്തം നിലപാടാണെന്നും, താൻ പറഞ്ഞത് മനസ്സിലാക്കാൻ ശരിയായ വിദ്യാഭ്യാസവും വളർത്തലും ആവശ്യമാണെന്നും താപ്‌സി കൂട്ടിച്ചേർത്തു. നേരിൽ പോലും കണ്ടിട്ടില്ലാത്ത രണ്ട് താരങ്ങൾക്കിടയിലെ വർഷങ്ങൾ പഴക്കമുള്ള ഈ വാക്കുപോര് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്.
The post സൗന്ദര്യ റാണിമാർ, സുന്ദരികൾ, ഒരിക്കലും നേരിൽ കണ്ടിട്ടില്ല; എന്നിട്ടും വർഷങ്ങളായി വിവാദം! താപ്‌സി–കങ്കണ പോര് വീണ്ടും ചർച്ചയാകുന്നത് എന്തുകൊണ്ട്? appeared first on Express Kerala.




