മാധ്യമങ്ങൾക്ക് മുന്നിൽ നേതാക്കൾ സംസാരിക്കും, പക്ഷേ ചോദ്യങ്ങൾ ഉണ്ടാകില്ല—ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ത്യ മുന്നോട്ടുവച്ചിരുന്ന ക്രമീകരണം ഇതായിരുന്നു. എന്നാൽ കൂടിക്കാഴ്ച തുടങ്ങിയതോടെ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ഇന്ത്യയുടെ ആവശ്യം ട്രംപ് മറന്നതോടെ 45 മിനിറ്റോളം നീണ്ട സമ്പൂർണ്ണ വാർത്താസമ്മേളനമായി കൂടിക്കാഴ്ച മാറിയെന്നാണ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ സെർജിയോ ഗോർ വെളിപ്പെടുത്തിയത്.
ഫ്രാൻസിലെ എവിയാൻ ലെ ബെയ്ൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ ജൂൺ 17-നായിരുന്നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് വേദിക്ക് പിന്നിൽ ട്രംപുമായി സംസാരിച്ചിരുന്നുവെന്ന് സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രത്യേക ആവശ്യങ്ങളുണ്ടോ എന്ന് ട്രംപ് ചോദിച്ചപ്പോൾ, മാധ്യമങ്ങളെ പ്രവേശിപ്പിക്കാമെന്നും എന്നാൽ ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള വാർത്താസമ്മേളനം ഒഴിവാക്കണമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നതെന്ന് അദ്ദേഹം ട്രംപിനെ അറിയിക്കുകയായിരുന്നു. ട്രംപ് ഇതിനോട് ആദ്യം സമ്മതിക്കുകയും ചെയ്തതായി ഗോർ വ്യക്തമാക്കി.
ALSO READ;പക, പ്രതികാരം പേര് ട്രംപ്..! കാനഡയ്ക്ക് മേൽ അമേരിക്കയുടെ കടുത്ത നീക്കം; കാറുകൾക്കും ട്രക്കുകൾക്കും 50% തീരുവ
എന്നാൽ ഇരുനേതാക്കളും സംസാരിച്ച് കൂടിക്കാഴ്ച ആരംഭിച്ചതിന് പിന്നാലെ രംഗം മാറി. പ്രാരംഭ പ്രസ്താവനകൾ പൂർത്തിയായതോടെ ട്രംപ് മാധ്യമപ്രവർത്തകരിലേക്ക് തിരിഞ്ഞ് ‘എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?’ എന്ന് ചോദിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ മുന്നോട്ടുവച്ചിരുന്ന ക്രമീകരണം പാളുകയും പ്രധാനമന്ത്രി മോദിയെ സാക്ഷിനിർത്തി ഏകദേശം 45 മിനിറ്റോളം ചോദ്യോത്തരങ്ങളടങ്ങിയ വാർത്താസമ്മേളനം നടക്കുകയും ചെയ്തുവെന്നാണ് ഗോറിന്റെ വെളിപ്പെടുത്തൽ. ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറത്തിലാണ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ഇക്കാര്യം തുറന്നുപറഞ്ഞത്.
അതേസമയം, ഗോറിന്റെ വെളിപ്പെടുത്തലിനോട് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. വിദേശ നേതാക്കളുടെ പൊതുപരിപാടികളും കൂടിക്കാഴ്ചകളും സംബന്ധിച്ച ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്ന് അവർ വ്യക്തമാക്കി. വിദേശ സന്ദർശനങ്ങളിൽ ഇന്ത്യ പിന്തുടരുന്ന പതിവ് രീതിയെക്കുറിച്ചാണ് അമേരിക്കയെ അറിയിച്ചതെന്നും ഇന്ത്യൻ വൃത്തങ്ങൾ വിശദീകരിച്ചു. ഇതോടെ, മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടന്ന മാധ്യമ ക്രമീകരണവും പിന്നീട് ട്രംപ് തന്നെ അത് മാറ്റിയതായുള്ള വെളിപ്പെടുത്തലും ശ്രദ്ധ നേടുകയാണ്.
The post അയാം ദി സോറി അളിയാ, സോറി..! ‘വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ വേണ്ടെന്ന് ഇന്ത്യ, പക്ഷേ ട്രംപ് അത് മറന്നു’-വെളിപ്പെടുത്തൽ appeared first on Express Kerala.




