
സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമായി കണക്കാക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. പ്രയാഗ്‌രാജിലെ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്കൂളിന്റെ വസ്ത്രധാരണ നയത്തിനെതിരെ കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള സംരക്ഷണം ലഭിക്കാൻ കേവലം ഒരു അവകാശവാദം മാത്രം പോരെന്നും ആവശ്യമായ നിയമപരവും വസ്തുതാപരവുമായ അടിത്തറ വേണമെന്നും ബെഞ്ച് വ്യക്തമാക്കി. ഹിജാബ് ധരിച്ചില്ലെങ്കിൽ വ്യക്തിയുടെ വിശ്വാസത്തെ ബാധിക്കുമെന്നോ ഇത് നിർബന്ധിത ആചാരമാണെന്നോ തെളിയിക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ല. ആറാം ക്ലാസ് മുതൽ ധരിച്ചിരുന്നു എന്നതുകൊണ്ട് മാത്രം ഇതിന് നിയമപരമായ പ്രാധാന്യം ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read; പാകിസ്ഥാനിൽ തുർക്കിയുടെ അസാധാരണ സൈനിക നീക്കം; അതിർത്തി കാക്കാൻ ‘ബാസ് ബറ്റാലിയനുമായി’ ഇന്ത്യൻ പരുന്തുകൾ സജ്ജം!
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കവും തുല്യതയും സ്ഥാപനപരമായ ഐഡന്റിറ്റിയും നിലനിർത്താൻ ഏകീകൃത വസ്ത്രധാരണ രീതി ആവശ്യമാണെന്ന് ഹൈക്കോടതി ശരിവച്ചു. വസ്ത്രധാരണ നയം വിവേചനരഹിതമാണെങ്കിൽ വ്യക്തിഗത മുൻഗണനകൾക്കായി അതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. മുൻ ക്ലാസുകളിൽ സ്കൂൾ അധികൃതർ എതിർപ്പ് ഉന്നയിച്ചിരുന്നില്ലെങ്കിലും, പിന്നീട് കൃത്യമായ യൂണിഫോം നയം നടപ്പിലാക്കാൻ സ്കൂളിന് പൂർണ്ണ അവകാശമുണ്ടെന്ന് വിധിയിൽ വ്യക്തമാക്കുന്നു.
ഇതിനുമുമ്പും പല ഹൈക്കോടതികളും ശിരോവസ്ത്രം ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. സ്കൂളുകളിൽ ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുകയാണെന്നും, സുപ്രീം കോടതിയുടെ അന്തിമ തീർപ്പ് വരുന്നത് വരെ ഈ വിഷയത്തിൽ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി റിട്ട് ഹർജി തള്ളിയത്.
The post കോടതി വിധി; ഹിജാബ് ഇസ്ലാമിലെ അനിവാര്യ ആചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി appeared first on Express Kerala.




