
ആപ്പിളിന്റെ പുതിയ ഹാർഡ്വെയർ ലോഞ്ച് ഇവന്റിന്റെ തീയതി പ്രഖ്യാപിച്ചു. ‘സർപ്രൈസ് ആൻഡ് ഷൈൻ’ എന്ന ടാഗ്ലൈനോടെ സെപ്റ്റംബർ 9-ന് രാത്രി 10.30-ന് കുപ്പർട്ടിനോയിലെ ആപ്പിൾ പാർക്കിലാണ് പ്രത്യേക പരിപാടി നടക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം ആപ്പിൾ വാച്ച് സീരീസ് 12 ഉൾപ്പെടെയുള്ള പുതിയ ഉപകരണങ്ങൾ ഈ വേദിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന് ശേഷം ആദ്യമായി പൂർണ്ണമായും നേരിട്ടുള്ള തത്സമയ അവതരണത്തിലേക്ക് ആപ്പിൾ മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ട്. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, ആപ്പിൾ ടിവി ആപ്പ് എന്നിവ വഴി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് പരിപാടി തത്സമയം വീക്ഷിക്കാം.
ഈ ലോഞ്ച് ഇവന്റിന് മറ്റൊരു ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് വൻ മാറ്റം സംഭവിക്കുന്ന നിർണായക വേളയിലാണ് പുതിയ ഉൽപ്പന്നങ്ങളുടെ കടന്നുവരവ്. നിലവിലെ സിഇഒ ആയ ടിം കുക്ക് ഈ വർഷം അവസാനം പടിയിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഹാർഡ്വെയർ എൻജിനീയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ജോൺ ടെർനസ് പുതിയ സിഇഒയായി ചുമതലയേൽക്കും.
Also Read: മഴയില്ല, മുന്നറിയിപ്പുമില്ല! നേപ്പാളിനെ വിഴുങ്ങിയ ‘ഗ്ലോഫ്’ പ്രളയം… ഹിമാലയത്തിൽ സംഭവിച്ചതെന്ത്?
സെപ്റ്റംബർ 1 മുതൽ ജോൺ ടെർനസ് ആപ്പിളിന്റെ തലപ്പത്തേക്ക് ഔദ്യോഗികമായി എത്തും. അതേസമയം, ടിം കുക്ക് കമ്പനി വിട്ടുപോകുന്നില്ല. ഡയറക്ടർ ബോർഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി അദ്ദേഹം തുടരുകയും ആഗോള നയരൂപീകരണങ്ങളിൽ കമ്പനിയെ നയിക്കുകയും ചെയ്യും. പുതിയ ഉൽപ്പന്നങ്ങളുടെ കരുത്തിലും പുതിയ നേതൃത്വത്തിന്റെ മാറ്റത്തിലും ആപ്പിൾ പുതിയൊരു കാലഘട്ടത്തിലേക്ക് ചുവടുവെക്കുകയാണ്.
The post ആപ്പിളിന്റെ പുതിയ ചരിത്രം! ഐഫോൺ 18 അണിയറയിലോ? appeared first on Express Kerala.




