
ഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് 21-കാരിയായ മോഡൽ സ്വന്തം വീട്ടിൽ കുത്തേറ്റ് മരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന വിദ്യാർഥിനിയും മോഡലുമായ മുസ്‌കാനാണ് സ്വന്തം കിടപ്പുമുറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മുസ്‌കാന്റെ ജിം ട്രെയിനറായ ഇമ്രാൻ എന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി ഇരച്ചുകയറി കത്തിയുപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. മുസ്‌കാന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read: ‘ഖാലിദ് ഷെയ്ഖ് മുഹമ്മദ്; ഒസാമ ബിൻലാദന്റെ വലംകൈ..! 9/11 ആക്രമണത്തിന്റെ ‘മാസ്റ്റർമൈൻഡ്’, രണ്ട് പതിറ്റാണ്ടിന് ശേഷം വിചാരണയ്ക്ക് തീയതി
കൊല്ലപ്പെട്ട മുസ്‌കാനും പ്രതി ഇമ്രാനും തമ്മിൽ ഒന്നര വർഷത്തോളമായി പരിചയമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇമ്രാൻ മുസ്‌കാനെ നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കളും അയൽവാസികളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുസ്‌കാന്റെ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല.
പ്രതിയെ പിടികൂടാനായി ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട യുവതിയുടെ ഫോൺ രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണെന്നും പ്രതിയെ ഉടൻ വലയിലാക്കുമെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) അഭിഷേക് ഗുപ്ത അറിയിച്ചു.
The post ജിം ട്രെയിനറുടെ ശല്യം ഒടുവിൽ കൊലപാതകത്തിൽ; ഡൽഹിയിൽ 21-കാരിയായ മോഡലിനെ വീട്ടിൽ കയറി കുത്തിക്കൊന്നു! appeared first on Express Kerala.




