
മലപ്പുറം: ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് (Shoukath death). ഓട്ടോറിക്ഷയിൽ വരുത്തിയ രൂപമാറ്റങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഷൗക്കത്തിന്റെ ഏക ഉപജീവനമാർഗമായിരുന്നു ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ. വാഹനത്തിൽ അനധികൃത രൂപമാറ്റങ്ങൾ വരുത്തിയതായി ചൂണ്ടിക്കാട്ടി മോട്ടോർ വാഹനവകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നില്ല. രൂപമാറ്റങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഏജന്റുമാരുടെ സഹായമില്ലാതെ നേരിട്ട് അപേക്ഷ നൽകിയതിനെ തുടർന്ന് കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസിൽനിന്ന് പലതവണ തിരിച്ചയച്ചുവെന്നാണ് ഷൗക്കത്ത് മരിക്കുന്നതിന് മുമ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പുകളിൽ ആരോപിച്ചിരുന്നത്. കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ ഉപജീവനമാർഗം തകർത്തുവെന്നും കുറിപ്പിൽ ആരോപണമുണ്ടായിരുന്നു.
ബന്ധുവീട്ടിന് സമീപം നിർമാണത്തിലിരുന്ന വീട്ടിലാണ് ഷൗക്കത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പും ശേഷവുമായി ഷെഡ്യൂൾ ചെയ്ത് പ്രസിദ്ധീകരിച്ച നിരവധി വൈകാരിക ഫേസ്ബുക്ക് കുറിപ്പുകളും പുറത്തുവന്നിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് കിഴിശ്ശേരിയിലെ ഓട്ടോ തൊഴിലാളികൾ റോഡ് ഉപരോധിച്ചിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷൗക്കത്തിന്റെ മരണത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Summary:
The Transport Commissioner’s inquiry report states that auto driver Shoukath was denied a fitness certificate because modifications made to his vehicle were not removed despite instructions. His death has triggered protests among auto workers in Malappuram, while Areekode Police have registered a case of unnatural death.




